കാഞ്ഞിരപ്പള്ളി: യെമനിലെ യുദ്ധമുഖത്തുനിന്നും ജീവനോടെ ജന്മനാട്ടില് തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദി പറയുകയാണ് കാഞ്ഞിരപ്പള്ളി പുത്തന്‍കടുപ്പില്‍ കോരതോമസിന്റെയും ത്രേസ്യാമ്മയുടെയും മകന് ജേക്കബ് കോര (ചാക്കോ-35).യെമനിലെ സനാ വിമാനത്താവളത്തില്‍ നിന്നും വിമാനം പറന്നുയുരാന്‍ അഞ്ചു മിനിറ്റ് മാത്രമുള്ളപ്പോഴാണ് എയര്‍ഹോസ്റ്റസ് യാത്രക്കാരോട് ആര്‍ക്കെങ്കിലും ലഗേജുകള്‍ കയറ്റണമൊയെന്ന് ചോദിച്ചത്. അഞ്ചുമിനിറ്റുകൂടി മാത്രമെ വിമാനം പറന്നുയരാന്‍ അനുവാദമുള്ളു. ദിവസങ്ങള്‍ കാത്തിരുന്നതിന് ശേഷം ലഭിച്ച അവസരമായതിനാലും, ഇനിയും നാടുവിട്ടില്ലായെങ്കില് ജീവന് അപകടത്തിലാകുമെന്നതിനാലും ലഗേജുകള്‍ ഉപേക്ഷിച്ച് പുറപ്പെടുകയായിരുന്നുവെന്ന് ജേക്കബ് പറഞ്ഞു. മാതാപിതാക്കളുടെയും, ഭാര്യ അമ്മുവിന്റെയും, മക്കള്‍ കൊച്ചുത്രേസ്യാ (നാല്), ഏലു(എട്ട്) , മറ്റ് ബന്ധുമിത്രാദികള്‍ എന്നിവരുടെയും ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനകളാണ് നാട്ടില്‍ എത്താന്‍ പ്രധാന കാരണമെന്ന് അദ്ദഹം പറഞ്ഞു.
യെമനിലെ ഇന്ത്യന്‍ അംബാസിഡറിന്റെ സെക്രട്ടറി തമിഴ്നാട് സ്വദേശിയുമായ രാജഗോപലിന്റെ നിര്‍ലോഭമായ സഹായ സഹകരണങ്ങളുമാണ് തങ്ങളെ നാട്ടിലെത്തിക്കുവാന്‍ ഇടയാക്കിയതെന്ന് ഇദ്ദേഹം അനുസ്മരിച്ചു.നാലര വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറെ പ്രതീക്ഷകളുമായി യെമനില്‍ എത്തിയ ജേക്കബിന്റെ അടുത്തേയ്ക്ക് ഭാര്യയേയും, മക്കളെയും എത്തിക്കുന്നതിനായി കഴിഞ്ഞ 28 ന് വിമാന ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും യുദ്ധഭീതിമൂലം ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. സനായില്‍ ഷിപ്പിംഗ് കമ്പനിയില്‍ സെയില്‍സ് മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരുകയായിരുന്നു ജേക്കബ്. യുദ്ധഭീതിമൂലം സനായില്‍നിന്നും യമാനിയ വിമാനത്തില്‍ പോരുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ച ടിക്കറ്റ് എടുത്തുവെങ്കിലും യന്ത്രതകരാര്‍ മൂലം യാത്ര മുടങ്ങി. മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് നാട്ടിലെത്തുന്നത്. സനയില്‍ നിന്നും ഈരാറ്റുപേട്ട സ്വദേശി ലിജോ ജോര്‍ജും, ചങ്ങനാശ്ശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടിയും ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ ഇവരെ കാത്തിരുന്ന മാതാപിതാക്കളും, ബന്ധുക്കളും വിമാനമിറങ്ങിയപ്പോള്‍ സന്തോഷമടക്കാനാവാതെ വീര്‍പ്പുമുട്ടുകയായിരുന്നു. യെമനില്‍ കുടുങ്ങി കിടക്കുന്ന അനേകര്‍ക്കായി ഭാരത സര്‍ക്കാര്‍ നല്ല സഹായമാണ് ചെയ്യുന്നതെന്ന് ഇദ്ദേഹം അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: