പാലാ: കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നുള്ള രാത്രികാല സര്‍വ്വീസുകള്‍ റൂട്ട് മാറി തോന്നുംപടി ഓടുന്നതിനാല്‍ യാത്രക്കാര്‍ വലയുന്നു. രാത്രി ഏഴിനുശേഷം പുറപ്പെടുന്ന കോട്ടയം, പൊന്‍കുന്നം, ഏഴാച്ചേരി, രാമപുരം, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കാഞ്ഞിരമറ്റം ബസുകളാണ് റൂട്ട് മാറി ഓടി യാത്രക്കാരെ വട്ടംകറക്കുന്നത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന പടിഞ്ഞാറോട്ടുള്ള ബസുകള്‍ വണ്‍വേ പാലിച്ച് റിവര്വ്യൂറോഡില്ക്കൂടി പോകണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ വണ്‍വേ തെറ്റിച്ച് ചിലപ്പോള്‍ റിവര്വ്യൂറോഡുവഴിയും മറ്റുചിലപ്പോള്‍ മെയിന്‍ റോഡില്‍ക്കൂടിയും പോകുന്നതാണ് പ്രശ്നം.
ടൗണ്‍ പഴയ സ്റ്റാന്‍ഡിനു സമീപത്തും വലിയപാലത്തിനും സമീപത്ത് നില്ക്കുന്ന യാത്രക്കാരാണ് വലയുന്നത്. വിവിധ സ്ഥലങ്ങളില്‍നിന്ന് വരുന്നവരും വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമടക്കം നൂറുകണക്കിന് യാത്രക്കാരാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഇഷ്ടപ്പടിരീതി മൂലം വലയുന്നത്. സ്റ്റേഷന് മാസ്റ്ററോട് പരാതി പറഞ്ഞാല്‍ ജീവനക്കാരോട് പറയുകയെല്ലാതെ തങ്ങള്‍ക്ക് എന്തുചെയ്യാന്‍ പറ്റുമെന്ന ഒഴുക്കന്‍ മറുപടിയാണ് നല്‍കുന്നത്. പലപ്പോഴും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും യാത്രക്കാര്‍ പറയുന്നു.
ജീവനക്കാര്‍ തോന്നുംപടി ബസ് ഓടിക്കുകയാണ്. തിങ്കളാഴ്ച രാത്രി പത്തിന് കോട്ടയത്തിനുള്ള ബസ് മെയിന്‍ റോഡില്‍ക്കൂടിയാണ് പോയത്. റിവര്വ്യൂറോഡില്നിന്ന യാത്രക്കാര്‍ പെരുവഴിയിലായി. ബസ് മെയിന്‍ റോഡില്‍ക്കൂടി പോകുന്നതു കണ്ട് പിന്നാലെ ഓടിയ യാത്രക്കാരന് വീണ് പരുക്കേല്‍ക്കുകയും ചെയ്തു. ബസുകള്‍ റൂട്ട്മാറി ഓടുന്നതു സംബന്ധിച്ച് എടിഒയ്ക്ക് പലതവണ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. വണ്‍വേ തെറ്റിച്ച് വാഹനം ഓടിച്ച് അപകടം സംഭവിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന അധികൃതരുടെ കര്‍ശന നിര്‍ദ്ദേശമുള്ളപ്പോഴാണ് കെഎസ്ആര്‍ടിസി തോന്നുംപടി സര്‍വ്വീസ് നടത്തുന്നത്. അധികൃതര്‍ സത്വര നടപടി സ്വീകരിക്കാത്തപക്ഷം ഡിപ്പോ ഉപരോധമടക്കമുള്ള സമരപരിപാടികള്‍ നടത്താന്‍ യാത്രക്കാര്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: