ആലപ്പുഴ: മഴക്കാലത്തെ വരവേല്‍ക്കാനും മഴവെള്ളം സംഭരിക്കാനും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നു. മഴക്കാലത്ത് ലഭിക്കുന്ന വെള്ളം ഭൂമിയില്‍ തന്നെ സംഭരിച്ച് ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്തി കുളങ്ങളിലും കിണറുകളിലും വെള്ളം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനുള്ള പ്രാരംഭനടപടികള്‍ വിവിധ പഞ്ചായത്തുകളില്‍ ആരംഭിച്ചു.
മഴവെളളം സംഭരിക്കുന്നതിനായി നിലവിലുള്ള നീര്‍ച്ചാലുകളുടെയും കുളങ്ങളുടെയും തോടുകളുടെയും കിണറുകളുടെയും ആഴംകൂട്ടും. നീര്‍ച്ചാലുകള്‍ക്കു ചുറ്റും കയര്‍ ഭൂവസ്ത്രം വിരിക്കുകയും രാമച്ചവും മറ്റ് ഔഷധ സസ്യങ്ങളും വച്ചു പിടിപ്പിക്കുകയും ചെയ്യും. സംയോജിത നീര്‍ത്തട പരിപാലനപദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തു പരിധിയിലെ ജനപ്രതിനിധികള്‍ സാമൂഹിക-സാംസ്കാരിക-സന്നദ്ധ സംഘടനകള്‍, കുടുംബശ്രീകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയുടെ സഹായത്തോടെ പദ്ധതി നടപ്പാക്കും.
നിലവിലുള്ള ജലസ്രോതസുകളുടെ സര്‍വ്വേ നടത്തും. അത് സംരക്ഷിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. വീടുകള്‍ക്കു മുകളില്‍ വീഴുന്ന മഴവെള്ളം പ്രത്യേക പൈപ്പുകള്‍ സജ്ജീകരിച്ച് കിണറുകള്‍ക്കും കുളങ്ങള്‍ക്കും സമീപത്തെത്തിക്കുന്നതിനും പറമ്പുകളിലും മറ്റും വീഴുന്ന മഴവെള്ളം സംഭരിക്കുന്നതിന് തെങ്ങുകള്‍ക്ക് തടംവെട്ടുന്നതിനും തീറ്റപ്പുല്‍ വളര്‍ത്തുന്നതിനും പ്രോത്സാഹനം നല്‍കും. ഇതിലൂടെ മഴവെള്ളം സംഭരിക്കുന്നതോടൊപ്പം കന്നുകാലികള്‍ക്ക് തീറ്റ ലഭ്യമാക്കാനും കഴിയും. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികളും സെമിനാറുകളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: