ചെങ്ങന്നൂര്‍: ശബരീശന്റെ സന്നിധിയില്‍ നിന്നും ഒഴുകിയെത്തുന്ന പുണ്യ നദിയായ പമ്പയുടെ ഓളപ്പരപ്പില്‍ മാഹാദേവ ക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട് നടന്നു. മലയാള വര്‍ഷത്തെ മൂന്നാമത്തെ തൃപ്പൂത്താറാട്ടാണ് മാര്‍ച്ച് 30ന് രാവിലെ മിത്രപ്പുഴകടവില് നടന്നത്.
കടുത്ത ചൂടിനെപ്പോലും അവഗണിച്ച് നൂറുകണക്കിന് ഭക്തരാണ് ദേവിയുടെ ആറാട്ട് കണ്ട് തൊഴാനും, ആറാട്ട് ചടങ്ങുകള്‍ക്കും സാക്ഷ്യം വഹിച്ചത്. ആറാട്ടിന് ശേഷം 9.30ന് ഗജവീരന്മാരുടെയും, താലപ്പൊലികളുടെയും അകമ്പടിയോടെയുമുള്ള ആറാട്ടു ഘോഷയാത്രയെ നിലവിളക്കും, നിറപറയും സമര്‍പ്പിച്ചാണ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഭക്തര്‍ എതിരേറ്റത്. ആറാട്ട് ഘോഷയാത്ര കിഴക്കേഗോപുരം കടന്ന് അകത്ത് പ്രവേശിച്ചയുടന്‍ ശ്രീപരമേശ്വരന് ദേവിയെ എതിരേറ്റ് ക്ഷേത്രത്തിന് വലം വയ്ക്കുകയും അകത്തേക്ക് എഴുന്നെള്ളിക്കുകയും ചെയ്തു.
തുടര്‍ന്ന് കളഭാഭിഷേകവും നടന്നു. ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠരര് മോഹനരര് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആറാട്ടുദിവസം മുതല്‍ 12 ദിവസം ദേവീ നടയില്‍ ഹരിദ്രപുഷ്പാഞ്ജലി വഴിപാട് നടക്കും. ആറാട്ടുഘോഷയാത്രയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: