ആലപ്പുഴ: ചന്തിരൂരില്‍ സ്ഥാപിക്കുന്ന മാലിന്യസംസ്ക്കരണ പ്ലാന്റിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലിനീകരണനിയന്ത്രണ സംവിധാനങ്ങളില്ലാത്തതിനാല്‍ പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. പ്രദേശത്തെ മത്സ്യസംസ്കരണശാലകളില് നിന്നും അറവുശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ പുത്തന്തോട്ടിലേക്കാണ് ഒഴുക്കുന്നതെന്നാണ് ജനങ്ങളുടെ പരാതി. അതുകൊണ്ട് പ്രശ്നപരിഹാരത്തിനായി കൂട്ടായ ശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാന്റ് സ്ഥാപിക്കുന്നതിനായി 66 സെന്റ് സ്ഥലം നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 15 ലക്ഷം ലിറ്റര്‍ മലിനജലം ശേഖരിക്കാന്‍ കഴിയുന്ന രണ്ടു പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്. 12 കോടിരൂപയാണ് പ്ലാന്റിന്റെ നിര്‍മാണത്തിനായി നീക്കിവച്ചിരിക്കുന്നത്. ഇതില്‍ പകുതി കേന്ദ്രസര്‍ക്കാരും പകുതി സംസ്ഥാന സര്‍ക്കാരുമാണ് നല്‍കുക. അഡ്വ. എ.എം. ആരിഫ് എംഎല്‍എ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബോര്‍ഡ് ചെയര്മാന് കെ. സജീവന്, എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ അലക്സാണ്ടര്‍ ജോര്‍ജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: