മാന്നാര്‍: സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യൂതാനന്ദന്റെ പരിപാടി നിശ്ചയിക്കുകയും അതില്‍ പങ്കെടുക്കുകയും ചെയ്തിനെ തുടര്‍ന്ന് രണ്ട് ലോക്കല്‍ കമ്മറ്റിയംഗങ്ങളെ സസ്പെന്‍ഡ് ചെയ്ത സംഭവം മാന്നാറില്‍ സിപിഎമ്മിനുള്ളില്‍ കലഹം രൂക്ഷമായി.
പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് മാന്നാര്‍ വെസ്റ്റ് ലോക്കല്‍ കമ്മറ്റിക്ക് കീഴിലുള്ള അഞ്ച് ബ്രാഞ്ചു കമ്മറ്റികള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇതോടൊപ്പം ലോക്കല്‍ കമ്മറ്റിയംഗങ്ങള്ക്കെതിരെയുള്ള നടപടി പിന്‍വലിച്ചില്ലെങ്കില്‍ നൂറോളം പാര്ട്ടിമെമ്പര്മാര് അംഗത്വവും പാര്‍ട്ടി ഭാരവാഹിത്വവും രാജിവയ്ക്കാനാണ് തീരുമാനം. വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗവും പ്രതിപക്ഷ നേതാവുമാണ്. അദ്ദേഹം പങ്കെടുക്കുന്ന പരിപാടിയില്‍ പാര്‍ട്ടി അംഗങ്ങള്‍ പോയാല്‍ അത് പാര്‍ട്ടി വിരുദ്ധമാകുന്നത് എങ്ങനെയെന്നും ഇവര്‍ ചോദിക്കുന്നു.
രാഷ്ട്രീയത്തിന് അതീതമായി ജനകീയ മുഖം നല്കിയ പരിപാടിയിലേക്ക് വിഭാഗീയത വലിച്ചിഴച്ച് വിവാദമാക്കിയതിനെ ഔദ്യോഗിക വിഭാഗത്തോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന സാധാരണ പാര്ട്ടിക്കാര് പോലും ചോദ്യം ചെയ്യുന്നു. ഇത് ഔദ്യോഗിക വിഭാഗത്തെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പോലും മാന്നാറില്‍ സ്വീകരിച്ച നടപടിയില്‍ വിമര്‍ശനം ഉയര്‍ന്നത് ജില്ലാസെക്രട്ടറി സജിചെറിയാന് ഉള്‍പ്പെടെയുള്ളവരെ വെട്ടിലാക്കി.
പരിപാടിയില്‍ പങ്കെടുത്ത രണ്ട് ഏരിയ കമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം തേടാന്‍ അതാത് ഏരിയ കമ്മറ്റിയംഗങ്ങളെ ജില്ലാ സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. മാന്നാര്‍ ഏരിയ കമ്മറ്റിയംഗം ജി.രാമകൃഷ്ണന്, ചെങ്ങന്നൂര്‍ ഏരിയ കമ്മറ്റിയംഗം വി.കെ. വാസുദേവന്‍ എന്നിവരാണ് വിലക്ക് ലംഘിച്ച് വിഎസിന്റെ പരിപാടിയില്‍ പങ്കെടുത്ത ഏരിയ കമ്മറ്റിയംഗങ്ങള്‍.
എന്നാല്‍ വിഎസിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും എന്തു നടപടി എടുത്താലും നേരിടാന്‍ തയ്യാറാണെന്നുമാണ് വിഎസിന്റെ പരിപാടിയില്‍ പങ്കെടുത്ത ഏരിയ കമ്മറ്റിയംഗങ്ങള്‍ പറഞ്ഞത്. പാര്‍ട്ടി നടപടിയെടുത്താല്‍ സമാന്തരമായി ക്ലബ്ബുകളുടെയും സാംസ്കാരിക സംഘടനകളുടെയും പ്രവര്‍ത്തനവുമായി സജീവമാകാനാണ് വിഎസ് പക്ഷത്തിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: