ന്യദല്‍ഹി: തെരഞ്ഞെടുപ്പ് ചെലവിലേക്ക് കോര്‍പ്പറേറ്റുകളില്‍നിന്നു സംഭാവന വാങ്ങില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ സാമ്പത്തിക വിനിമയം നിയന്ത്രിക്കുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ന്യൂദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം അറിയിച്ചത്.
തെരഞ്ഞെടുപ്പ് കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍ ഉള്‍പ്പെടെയുളള 8 കാര്യങ്ങളില്‍ യോഗം സമവായത്തിലെത്തി.
രാജ്യത്തെ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനായി നിയമ കമ്മിഷന് സമര്‍പ്പിച്ച നിര്‍ദേശങ്ങളാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന് വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചര്‍ച്ച ചെയ്തത്.
വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ വലിയ തുക സംഭാവനയായി വാങ്ങരുത്, സ്ഥാനാര്‍ത്ഥികളുടെ മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവ് സുതാര്യമാക്കുക ഉള്‍പ്പെടെയുളള കാര്യങ്ങളിലാണ് യോഗം സമവായത്തിലെത്തിയത്.
തെരഞ്ഞെടുപ്പുകളിലെ പണത്തിന്റെ സ്വാധീനം കുറയ്ക്കുന്നതിനുള്ള കാര്യങ്ങളാണു യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. രാഷ്ട്രീയ പാര്‍ട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും പ്രതിനിധികള്‍, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: