കൊച്ചി: സര്‍വ്വകലാശാലാ കാമ്പസില്‍ ക്യാപ്റ്റീവ് സൗരോര്‍ജ പ്ലാന്റും ടെക്നോളജി ബിസിനസ് ഇന്‍കുബേഷന്‍ കേന്ദ്രവും വിഭാവനം ചെയ്യുന്ന കൊച്ചി സര്‍വ്വകലാശാലാ ബജറ്റ് അവതരിപ്പിച്ചു. സര്‍വ്വകലാശാലാ കാമ്പസില്‍ കേന്ദ്രസഹായത്തോടെ പൂര്‍ത്തീകരിക്കുന്ന റഡാര്‍ ഗവേഷണകേന്ദ്രം കമ്മീഷന് ചെയ്യുന്നതോടെ പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി പ്രതിദിന കാലാവസ്ഥാ അറിയിപ്പ് നല്‍കും.
കൊച്ചി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത ചുമതലയേറ്റ ശേഷമുള്ള ആദ്യ ബജറ്റിലാണ് സര്‍വ്വകലാശാലയുടെ ജനസൗഹൃദ പദ്ധതികള്‍. പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ് അവതരിപ്പിച്ച സര്‍വ്വകലാശാലയുടെ 43-ാമത് ബജറ്റ് മിച്ച ബജറ്റാണെന്ന പ്രത്യേകതയുമുണ്ട്. വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത അധ്യക്ഷത വഹിച്ചു.
സ്വാശ്രയ സ്ഥാപനങ്ങളുടേതടക്കം മൊത്തം 260.26 കോടി രൂപ വരവും 249.53 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 10.73 കോടിയാണ് മിച്ചം. എന്നാല്‍ പദ്ധതിയേതര വരുമാനം 114.80 കോടിയും ചിലവ് 122.36 കോടിയുമായി നോണ്‍-പ്ലാന്‍ മേഖലയില്‍ 7.56 കോടി കമ്മിയാണ് ബജറ്റ് സൂചിപ്പിക്കുന്നത്.
‘റൂസ’ എന്ന പേരില്‍ അറിയപ്പെടുന്ന ‘രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷാ അഭിയാന്’ പദ്ധതിയുടെ നടത്തിപ്പിന് 2.07 കോടി രൂപ സര്‍ക്കാരില്‍ നിന്നും ലഭിക്കുമെന്നും കണക്ക് കൂട്ടുന്നു. സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ സഹകരണത്തോടെ ടെക്നോ-ലീഗല്‍ ഫെലിസിറ്റേഷന്‍ കേന്ദ്രവും തുടങ്ങും.
സര്‍വ്വകലാശാലയില്‍ മലയാള ഭാഷയ്ക്ക് പരമാവധി പ്രാധാന്യം നല്‍കും. മലയാളത്തില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പ്രോത്സാഹിപ്പിക്കും. സര്‍വ്വകലാശാലയുടെ മുഖ്യപരിപാടികള്ക്ക് ക്ഷണപ്പത്രങ്ങള് മലയാളത്തിലും അച്ചടിക്കുന്നത് പരിഗണിക്കും. കാമ്പസില്‍ സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞു കയറുന്നത് തടയാന്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി രാത്രികാലങ്ങളിലെ വാഹന ഗതാഗതത്തിന് നിരീക്ഷണ-നിയന്ത്രണമുണ്ടാകും.
സര്‍വ്വകലാശാലാ ഭരണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിന് ഇ-ഗവണന്‍സ് പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കും. പരീക്ഷാ വിഭാഗത്തിന്റെ കമ്പ്യൂട്ടര്‍വല്‍ക്കരണം വേഗത്തില്‍ പൂര്‍ത്തിയാകുന്നതോടെ പരീക്ഷാഫലം അതിവേഗം പ്രഖ്യാപിക്കാനാകും. വിവിധ കേന്ദ്ര-സംസ്ഥാന ഏജന്‍സികളില്‍ നിന്ന് കിട്ടാനുള്ള കുടിശിക വീണ്ടെടുക്കാനുള്ള നടപടികളും ബജറ്റില്‍ വിഭാവനം ചെയ്യുന്നു.
സ്വാശ്രയ സ്ഥാപനങ്ങളായ സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങ്, കുട്ടനാട് എഞ്ചിനീയറിങ്ങ് കോളേജ്, കെ. എം. സ്കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിങ്ങ് എന്നിവയുടെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമാണെന്ന് ബജറ്റില്‍ വിലയിരുത്തുന്നുണ്ട്. പദ്ധതിയേതര (നോണ്‍-പ്ലാന്‍) ഗ്രാന്റായി സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകലാശാലയ്ക്ക് ഈ വര്‍ഷം 80.43 കോടി രൂപ അനുവദിച്ചതായി ബജറ്റില്‍ വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം അധികമാണ്.
സര്‍വ്വകലാശാലയുടെ സാമ്പത്തികനില ഉറപ്പിച്ചു നിര്‍ത്താന്‍ ആഭ്യന്തര വരുമാനത്തിനൊപ്പം സഹായിച്ചത് ഈ വര്‍ധനയാണെന്ന് ബജറ്റ് പറയുന്നു.
യോഗത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജോസഫ് വാഴയ്ക്കന് എംഎല്‍എ, സണ്ണി. പി. ജോസ്, ഡോ.എ. മുജീബ്, ഡോ. സക്കറിയ. കെ.എ. ഡോ. കെ. സാജന്, പ്രൊഫ. ഡി. കെ. ജോണ്‍, ഡോ. എന്‍. മോഹനന്, ഡോ. വി. എസ്. സെബാസ്റ്റിയന്, ഉന്നത വിദ്യാദ്യാസ വകുപ്പ് അഡീ. സെക്രട്ടറി എം. ഷെരീഫ്, ഫിനാന്‍സ് വകുപ്പ് ജോയിന്റ് സെക്രട്ടറി ജെയിംസ് ജോസഫ് എന്നിവര്‍ക്കു പുറമെ രജിസ്ട്രാര്‍ ഡോ. എസ്. ഡേവിഡ് പീറ്റര്‍, ഫിനാന്‍സ് ഓഫീസര്‍ സെബാസ്റ്റിയന് ഔസേഫ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: