ആലുവ: പൊതുശ്മശാനത്തിന്റെ നിര്‍മ്മാണം ആരംഭിക്കാത്തതിനെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കീഴ്മാട് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് അക്രമം. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് നൂറോളം വരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനമായി പഞ്ചായത്ത് ഓഫീസിലേക്കെത്തിയത്.
പഞ്ചായത്ത് ഓഫീസിന് സമീപം സിഐ ടി.ബി. വിജയന്, പ്രിന്‍സിപ്പല്‍ എസ്ഐ പി.എ. ഫൈസല്‍, എസ്ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ പ്രകടനം തടഞ്ഞു. സമാധാനപരമായി പ്രതിഷേധ ധര്‍ണ്ണ നടത്തിയ പ്രവര്‍ത്തകരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് ദിനില്‍ ദിനേശിന് തലയിലും കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി രാജീവ് മുതിരക്കാടിന് വലതുതോളിലും പരിക്കേറ്റു.
തുടര്‍ന്ന് ദിനില്‍ ദിനേശിന്റെ അദ്ധ്യക്ഷ പ്രസംഗത്തിനും എം.എന്‍. ഗോപിയുടെ ഉദ്ഘാടന പ്രസംഗത്തിനും ശേഷം വീണ്ടും സമരക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും നടന്നു. അറസ്റ്റ് ചെറുക്കാന്‍ കൈകള്‍ കോര്‍ത്ത് റോഡില്‍ കിടന്ന സമരക്കാരെ പോലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി. 35 ഓളം പേരെ അറസ്റ്റ് ചെയ്തു. ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ദിനില്‍ ദിനേശ് വാഹനത്തില്‍ കുഴഞ്ഞുവീണതോടെ വീണ്ടും ബഹളമായി.
ഇതേതുടര്‍ന്ന് പരിക്കേറ്റ ദിനില്‍ ദിനേശിനും രാജീവ് മുതിരക്കാടിനും പുറമെ ബിജെപി ചെങ്ങമനാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രൂപേഷ് പൊയ്യാട്ട് (37), കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ. രഞ്ജിത് കുമാര്‍ (35), യുവമോര്‍ച്ച ചാലയ്ക്കല്‍ യൂണിറ്റ് പ്രസിഡന്റ് പി.എം. രഞ്ജിത്ത്, പ്രവര്‍ത്തകരായ ഷൈജു (32), സുനില്‍കുമാര്‍ (28), കൊല്ലംമാരിക്കുടിയില് ഗണേശ് (39) എന്നിവരെയും പോലീസ് വാഹനത്തില്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ്, ജനറല്‍ സെക്രട്ടറി എന്‍.പി ശങ്കരന്‍കുട്ടി, നിയോജക മണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി, ജനറല്‍ സെക്രട്ടറി കെ.ജി. ഹരിദാസ്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ഷൈജു, ന്യൂനപക്ഷ മോര്‍ച്ച ദേശീയ സമിതി അംഗം എ.കെ. നസീര്‍, ബിജെപി ജില്ലാ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ശശി തുരുത്ത് എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
കീഴ്മാട് പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മ്മിക്കുന്നതിനുവേണ്ടി തറക്കല്ലിട്ടു മാസങ്ങള്‍കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി കീഴ്മാട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം വി.കെ.ഭസിത് കുമാര്‍, നിയോജകമണ്ഡലം സെക്രട്ടറി എ. സെന്തില്‍കുമാര്‍, ടി.എസ്. ഷാജി, ഒ.എസ്. മണി, രാജീവ് മുതിരക്കാട്, ബേബി നമ്പേലി, പി.കെ. കുഞ്ഞുമോന്, കെ.ആര്. റജി, രൂപേഷ് പൊയ്യാട്ട്, രാജേഷ് കുന്നത്തേരി, വി.എസ്. സുനില്‍രാജ്, മിഥുന് ചെങ്ങമനാട്, നവീന്‍, രമേശ് അരിയത്ത്, രഞ്ജിത്ത് ചക്കാലക്കല്‍, ഷിബു. എം.വി, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: