ആലപ്പുഴ: കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കാണാന്‍ തകഴി ഗ്രാമപഞ്ചായത്ത് ഒരുകോടി രൂപയുടെ കുടിവെള്ളപദ്ധതി നടപ്പാക്കി. 10 കുഴല്‍ക്കിണറുകള്‍ നിര്‍മ്മിച്ച് ഒരു സ്രോതസില്‍ നിന്ന് 80 മുതല്‍ 100 വരെ കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാനായി. ഭൂഗര്‍ഭജല വിഭവവകുപ്പിന്റെ സഹായത്താലാണ് പദ്ധതി നടപ്പാക്കിയത്. 10 ലക്ഷം രൂപയാണ് ഒരു കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ്.
900 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു. മുക്കട, പന്നക്കളം, കുന്നുമ്മ, കളത്തിപ്പാലം, കരുമാടി, ചിറയകം, കുരിശുമലകോളനി, വിരുപ്പാല, കസ്തൂര്‍ബ, എൈലിക്കാട് തുടങ്ങി 10 സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. ഈ സ്ഥലങ്ങളിലെല്ലാം കുഴല്‍ക്കിണറുകള്‍ സ്ഥാപിച്ച് ടാങ്കുകളില്‍ വെള്ളം ശേഖരിക്കുകയും ഓരോ വീടുകളിലേക്കും പൈപ്പ് ലൈന്‍ ഇട്ട് നിശ്ചിത ഇടവേളകളില്‍ വെള്ളമെത്തിക്കുന്നതുമാണ് പദ്ധതി.
പദ്ധതി നടത്തിപ്പിനായി ഉപഭോക്തൃസമിതിയെ തെരഞ്ഞെടുത്തിട്ടുണ്ട്. സമിതിയുടെ നേതൃത്വത്തിലാണ് വൈദ്യുതിച്ചാര്‍ജ് അടയ്ക്കുന്നതും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതും. പദ്ധതി നടപ്പാക്കിയതോടെ ഗ്രാമത്തിലെ കുടിവെള്ളപ്രശ്നം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞതായി തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്. രാധാകൃഷ്ണപ്പിള്ള പറഞ്ഞു. വേനല്‍ക്കാലമാകുമ്പോള്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ് ഇവയില്‍ പലതും. എംപി ഫണ്ടും ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും വിഹിതവും സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ചേര്‍ന്നതാണ് പദ്ധതിച്ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: