ആലുവ: മൂന്ന് ദിവസമായി പൊട്ടിക്കിടക്കുന്ന പൈപ്പ് നന്നാക്കിയ നാട്ടുകാരുടെ ശ്രമം പാഴായി. പൊട്ടിയ ഭാഗം അടച്ചെങ്കിലും വെള്ളം വിട്ടതോടെ കൂടുതല്‍ ഭാഗങ്ങളില്‍ ചോര്‍ച്ച ആരംഭിച്ചു. തോട്ടുമുഖംതടിയിട്ടപറമ്പ് റോഡില്‍ ക്രസന്റ് സ്കൂള്‍ പരിസരത്താണ് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പൈപ്പ് പൊട്ടിയത്.
വാട്ടര്‍അതോറിറ്റിയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കരാറുകാര്‍ സമരത്തിലായതിനാല്‍ പൈപ്പിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ പറ്റാതെ വന്നതോടെ അധികൃതര്‍ കുടിവെള്ള വിതരണം തടയുകയായിരുന്നു. ഭൂഗര്‍ഭജല ലഭ്യത വളരെ കുറഞ്ഞ കീഴ്മാട് പഞ്ചായത്തിലെ പല ഭാഗങ്ങളിലും ഇതുമൂലം മൂന്ന് ദിവസത്തോളമായി കുടിവെള്ളം ലഭിച്ചിരുന്നില്ല. നാട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തോട്ടുമുഖം റസിഡന്റ്സ് അസോസിയേഷനാണ് ഞായറാഴ്ച പൈപ്പ് നന്നാക്കിയത്.
ഏറെ പണിപ്പെട്ട് പൈപ്പ് നന്നാക്കിയ ശേഷം വാട്ടര്‍ അതോറിറ്റി അധികൃതര്‍ വെള്ളം തുറന്ന് വിട്ടു. ഇതോടെ നന്നാക്കിയ ഭാഗത്തിന്റെ സമീപങ്ങളില്‍ പല ഭാഗങ്ങളിലായി വീണ്ടും ചോര്‍ച്ച തുടങ്ങി. ഇതോടെ ജല വിതരണം വീണ്ടും നിര്‍ത്തിവെച്ചു. ഇതുമൂലം ഇന്നും എടയപ്പുറം അടക്കമുള്ള ഭാഗങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: