ആലപ്പുഴ: മറവന്തുരുത്ത് പ്രദേശത്തെ കുടിവെള്ള വിതരണവും ഗതാഗതവും തടസപ്പെടാതെ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചേര്‍ത്തല താലൂക്കില്‍ വിതരണം ചെയ്യുന്നതിന് വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലൂടെ കടന്നുപോകുന്ന ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച് കോട്ടയത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പി.ജെ. ജോസഫ്, എംഎല്‍എമാരായ അഡ്വ. എ. എം. ആരിഫ്, കെ. അജിത്, കോട്ടയം കളക്ടര്‍ യു.വി. ജോസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യോഗം നടന്നത്.
നാല് കിലോമീറ്റര്‍ നീളമുള്ള പൈപ്പ് ലൈനിന്റെ ഒരു കീലോമീറ്റര്‍ ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച് പ്രവൃത്തികള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് ഉറപ്പുവരുത്തിയായിരിക്കും പണി പൂര്‍ത്തിയാക്കുക. യാത്രസൗകര്യം ഉറപ്പുവരുത്തിയും കുടിവെള്ളവിതരണം തടസപ്പെടുത്താതെയും പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. പൊട്ടിയ പൈപ്പുകള്‍ അടിയന്തരമായി നന്നാക്കും. ശാശ്വതപരിഹാരമായി പുതിയ പൈപ്പ്ലൈന് ഇടാനും തീരുമാനമായതായി മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ തലത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ സ്ഥലം മുന്‍കൂര്‍ പൊസഷനായി സറണ്ടര്‍ ചെയ്യിപ്പിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും സ്ഥലം സറണ്ടര്‍ ചെയ്തുകിട്ടാന്‍ ബുദ്ധിമുട്ട് നേരിട്ടതു മൂലമാണ് അതൊഴിവാക്കിയതെന്ന് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. തിങ്കളാഴ്ച പ്രവൃത്തികള്‍ ആരംഭിക്കാനാണ് തീരുമാനം. പദ്ധതിക്കായി ഉപയോഗിച്ചിരിക്കുന്ന ജിആര്‍പി പൈപ്പുകള്‍ മര്‍ദ്ദം താങ്ങാനാവാതെ പൊട്ടിപ്പോകുന്നതാണ് പ്രശ്നത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: