തുറവൂര്‍: ചമ്മനാട് ദേവീക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളില്‍ മതപരിവര്‍ത്തനത്തിനുള്ള നീക്കങ്ങള്‍ ശക്തമായതായി ആക്ഷേപം ഉയരുന്നു. ക്ഷേത്ര മൈതാനം വാടകയ്ക്ക് എടുത്ത് അസംബ്ലീസ് ഓഫ് ഗോഡ് എന്ന സംഘടന സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിനെതിരെ വിവിധ സമുദായസംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
കോടംതുരുത്ത് പഞ്ചായത്തിന്റെ നീണ്ടകര, ചമ്മനാട് തുടങ്ങിയ സമീപ പ്രദേശങ്ങളിലെ നിര്‍ധനരായ ഹിന്ദു പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലാണ് മതപരിവര്‍ത്തനത്തിനുള്ള നീക്കങ്ങള്‍ നടക്കുന്നത്. സാമ്പത്തിക സഹായം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഈ രീതിയില്‍ കുട്ടികളെയുള്‍പ്പെടെ ഇവരുടെ പ്രാര്ത്ഥനാലയങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുവാനുള്ള നീക്കം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു.
എന്നാല്‍ മൈതാനം വാടകയ്ക്ക് നല്കിയപ്പോള് ഏത് തരം പരസ്യം വേണമെന്ന കാര്യത്തില്‍ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിരുന്നില്ലെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി. ക്ഷേത്ര മൈതാനത്ത് നിന്ന് ഫ്ളക്സ് ബോര്‍ഡ് നീക്കം ചെയ്തില്ലെങ്കില്‍ വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തുമെന്ന് ഭക്തജനങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: