ഹരിപ്പാട്: മാര്‍ച്ച് 27ന് രാത്രിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും മഴയിലും ചെറുതന, വീയപുരം ഗ്രാമപഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. 58 വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. വ്യാപകമായ കൃഷിനാശവും സംഭവിച്ചു. രാത്രി 11ന് ശേഷമുണ്ടായ ശക്തമായ കാറ്റില്‍ ചെറുതനയില്‍ 48 വീടുകളും കരുവാറ്റയില്‍ ഏഴ് വീടുകളും, വീയപുരത്ത് ഒരുവീടും, കുമാരപുരത്ത് രണ്ടുവീടുകളുടേയും മേല്‍ക്കൂരകളാണ് തകര്‍ന്നത്. ചെറുതന, ആനാരി, ചെങ്ങാരപ്പള്ളിച്ചിറ സി.സി. ബാബു, കൃഷ്ണന്‍കുട്ടി, ഗോപി പുത്തന്‍വീട്ടില്‍, അനില്‍കുമാര്‍ എന്നിവരുടെ വീട് കാറ്റിലും ചെങ്ങാരപ്പള്ളിച്ചിറ പൊന്നമ്മയുടെ വീടിന് മുകളില്‍ മരം വീണും ഭാഗീകമായി തകര്‍ന്നു.
ഷീറ്റ് മേഞ്ഞതും ഓടിട്ടതുമായ വീടുകളുടെ മേല്‍ക്കൂരകള്‍ കാറ്റില്‍ ചിന്നഭിന്നമാവുകയായിരുന്നു. വീട്ടിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങി നിന്നതുകാരണം ആര്‍ക്കും അപകടം സംഭവിച്ചില്ല. ഇതിനിടെ അണക്കാട്ടില്‍ ശശിധരക്കുറുപ്പ്, രാധാകൃഷ്ണന്, ദയാനന്ദന് എന്നിവര്‍ കൃഷിയിറക്കിയിരുന്ന 3500ലധികം കുലച്ചതും കുലയ്ക്കാറായതുമായ വാഴകള്‍ കാറ്റില്‍ വീണു. ഒന്‍പത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു.
പലഭാഗങ്ങളിലും തെങ്ങുകളും മറ്റ് ഫലവൃക്ഷങ്ങളും കാറ്റില്‍ വീണിട്ടുണ്ട്. ചെറുതന കോതേരി പേരിക്കാട്ടില്‍ മടയാനാരി, കിഴക്കേപോച്ച പാടശേഖരങ്ങളില്‍ കൊയ്തെടുത്ത് ചാക്കില്‍ കെട്ടി പാടശേഖരത്തില്‍ സൂക്ഷിച്ചിരുന്ന നെല്ല് മഴയില്‍ വെള്ളത്തിലായി. പിന്നീട് ഇത് ഉണക്കിയശേഷം കര്‍ഷകര്‍ തന്നെ ചാക്കിലാക്കി നീക്കംചെയ്തു. വീയപുരം അച്ചനാരി പുത്തന്‍കരി പാടശേഖരത്ത് കൊയ്തെടുക്കാന്‍ പാകത്തിനായ നെല്ലുകള്‍ ശക്തമായ കാറ്റിനെത്തുടര്‍ന്ന് വീണു. പാടശേഖരത്തില്‍ വെള്ളം കെട്ടികിടക്കുന്നതിനാല്‍ കൊയ്തെടുക്കാന്‍ ബുദ്ധിമുട്ടാകുന്ന അവസ്ഥയിലാണ്.
ഏകദേശം 15 ലക്ഷത്തോളം രൂപയുടെ കൃഷിനാശം സംഭവിച്ചതായി കര്‍ഷകര്‍ പറഞ്ഞു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ചെറുതന പഞ്ചായത്ത് വടക്ക് മാതിരംപള്ളി വടക്കേക്കര, ആനാരി ഭാഗങ്ങളില്‍ പന്ത്രണ്ടിലധികം വൈദ്യുതി പോസ്റ്റുകള്‍ തകരുകയും പ്രദേശമാകെ ഇരുട്ടിലാവുകയും ചെയ്തു. ഏകദേശം ഏഴ് ലക്ഷം രൂപയോളം കെഎസ്ഇബിക്ക് നഷ്ടം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: