മനസ്സില്‍ ശില്പത്തിനെകുറിച്ചുള്ള ചിന്തയുമായി സദാ സൈക്കിളില്‍ കറങ്ങുന്ന ഹരിദാസിനെ പരിചയമില്ലാത്തവര്‍ ശ്രീമൂലനഗരത്ത് കാണില്ല. എവിടെപ്പോകാനും ഹരിക്ക് സൈക്കിളാണ് വാഹനം. ശില്പിയായും, ടെലിഫിലിം സംവിധായകനായും ചിത്രകാരനായും കൂലിപ്പണിക്കാരനായും പലവേഷവും അണിയാറുണ്ട്. ഏതുതൊഴിലിലും മനസ്സിലാനന്ദം കണ്ടെത്തുകയാണ് ഹരിയുടെ ലക്ഷ്യം.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഓരം ചേര്‍ന്ന് എടനാട് കല്ലയത്ത് താമസിക്കുന്ന ഹരി വിമാനത്താവളത്തില്‍ ദിവസവേതനക്കാരനായിരുന്നു.
നിസ്സാര കൂലിയായതിന്നാല് പണി ഉപേക്ഷിച്ചു. ഇപ്പോള്‍ ശില്പത്തിന് പിന്നാലെയുള്ള യാത്രയാണധികവും. ഒഴിവുനോക്കിയാണ് ടെലിഫിലിമിനൊപ്പം കൂടുക. മേക്കപ്പ് , തിരക്കഥ, സംഭാഷണം എന്നീ രംഗത്തും ഹരി കഴിവു തെളിയിച്ചിച്ചുണ്ട്. അഭിനയത്തിനും ഇയാള്‍ പിന്നിലല്ല എന്നാണ് സംവിധായകരും പറയുന്നത്.
ശില്പ നിര്‍മാണത്തില്‍ പാരമ്പര്യവും ഹരിക്ക് അവകാശപ്പെടാനുണ്ട്. അപ്പൂപ്പന് ആറ്റക്കിളി ചാത്തന് പ്ലാവിന്റെ വേരില്ത്തീര്ത്ത ഉരല് വീട്ടില്‍ സുക്ഷിച്ചിട്ടുണ്ട്. പണി പൂര്‍ത്തിയാക്കാന്‍ ഇന്നത്തെയത്ര സൗകര്യമില്ലാത്ത കാലത്താണ് ആ ഉരലിന്റെ നിര്‍മാണം.
പത്താംതരം വരെയാണ് ഹരി പഠിച്ചത്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ക്ലാസിലെ കൂട്ടുകാരന് വരയ്ക്കുന്ന ചിത്രത്തില്‍ നോക്കി ഏറെ നേരം ഇരുന്നു. മോഹം മൂത്തപ്പോള്‍ എന്നേക്കൂടി വരക്കാന്‍ പഠിപ്പിക്കണമെന്ന് പറഞ്ഞു. എനിക്ക് പഠിപ്പിക്കാന്‍ അറിയില്ല എന്ന് അവന് തീര്‍ത്തു പറഞ്ഞു. ആ വാശിയാണ് ചിത്രരചനക്ക് പിന്നാലെ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്. എവിടെയൊക്കെയോ എത്തി.
സ്കെച്ചിന്റ പിന്‍ബലത്താലാണ് ശില്പം രൂപപ്പെടുത്തുക. ഗ്രാമീണ മനസ്സിനുടമയായ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ ഉയര്ന്നചിന്തയുടെ ഉണര്‍വുകള്‍ കാണാം. വര്‍ക്കുകളില്‍ റിയലിസത്തിന്റെ ദൃശ്യാനുഭവം നമുക്കുണ്ടാവും.
പണിക്ക് പോകുന്ന അമ്മ തിരിച്ചു വരുമ്പോള്‍ മകന്റെ പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാവുന്ന എന്തെങ്കിലും കൈയില്ക്കരുതും. അതുചിലപ്പോള്‍ കമ്പാവാം മനോഹരമായ കുപ്പിയോ അങ്ങനെ എന്തുമാവാം. ഇപ്പോള്‍ ഷൊര്‍ണൂരില്‍ ദേശമംഗലത്തെ ശ്രീ പ്രസാദ് നിര്‍മ്മിക്കുന്ന ഒരുപാര്ക്കിന്റെ പണിത്തിരക്കിലാണ്. നിളാനദിക്കരയില്‍ ഏക്കര്‍കണക്കിന് വിസ്തീര്‍ണമുള്ള സ്ഥലത്ത് ഒട്ടേറെ ശില്പങ്ങള് തീര്‍ക്കാനുളള ഒരുക്കത്തിലാണ് ഹരി. ശില്പ നിര്‍മാണത്തിനാവശ്യമായ കളിമണ്ണ് ഇന്ന് കിട്ടാനില്ലാത്ത അവസ്ഥയിലാണ്.
ഏറെ പണിപ്പെട്ടാണ് അവ തോട്ടില്‍നിന്ന് മുങ്ങിയെടുക്കുന്നത്. കൂലിച്ചെലവ് താങ്ങാനാവാത്തവിധമാണെന്ന് ഹരി പറയുന്നു. വിവിധ മാധ്യമങ്ങളിലാണ് ശില്പ നിര്‍മാണം. വിമാനത്തിന്റെ ഇരമ്പല്‍ കാതില്‍ മുഴങ്ങുമ്പോഴും ഉളിക്കും കല്ലിനുമിടയില്ത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ശില്പ നിര്‍മാണ തപസ്സിന്റെ ഗൗരവംപൂണ്ട നിമിഷങ്ങളെ ധന്യമാക്കുകയാണ് ഹരിദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: