പൂച്ചാക്കല്‍: ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിലം നികത്തല്‍ വ്യാപകമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടിയുണ്ടാകുന്നില്ല. നിലം നികത്തല്‍ വ്യാപകമായതിനെത്തുടര്‍ന്ന് ജില്ലാഭരണകൂടം ശക്തമായ നടപടിയെടുക്കുന്നതിന് പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പലപ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ നിലം നികത്തല്‍ തടയാന്‍ കഴിഞ്ഞിരുന്നു.
പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി പഞ്ചായത്തുകളിലാണ് നിലം നികത്തല്‍ വ്യാപകമായി നടക്കുന്നത്. നിലം നികത്തല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിച്ചാല്‍ ആവശ്യമായ നടപടിയെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്കിയാലും ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇവിടെ വീണ്ടും നികത്തല്‍ നടക്കും. വന്‍തുകകള്‍ കരാര്‍ നല്‍കിയാണ് പലയിടങ്ങളിലും നിലം നികത്തല്‍. ചില ഉദ്യോഗസ്ഥരുടെ നിലം നികത്തുകാര്‍ക്ക് ഒത്താശചെയ്തുകൊടുക്കുന്നുണ്ടെന്നും ആരോപണമുണ്ട്. പള്ളിപ്പുറം പഞ്ചായത്തില്‍ പലയിടങ്ങളിലും രാത്രിസമയങ്ങളില്‍ നിലം നികത്തല്‍ വ്യാപകമാകുന്നുണ്ട്.
അരൂക്കുറ്റി വടുതലയില്‍ രണ്ടാഴ്ചമുന്പ് നിലം നികത്തുന്നതിന് ഉപയോഗിച്ച മണ്ണുമാന്തിയന്ത്രം രാത്രിയില്‍ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവിടെ രണ്ടുവര്‍ഷം മുന്‍പ് നിലം നികത്തിയതിനെ പോലീസ് മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തെങ്കിലും അന്ന് മണ്ണുമാന്തി യന്ത്രം വിട്ടുകൊടുത്തത് വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നു. ഇതേ സ്ഥലത്തുതന്നെയാണ് കഴിഞ്ഞദിവസം രാത്രിയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഭൂമി നിരപ്പാക്കല്‍ ആരംഭിച്ചത്. വിവരം അറിഞ്ഞെത്തിയ പൂച്ചാക്കല്‍ പോലീസ് മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്തു കേസെടുക്കുകയും ചെയ്തു. പാണാവള്ളി പെരുമ്പളം കവലയ്ക്ക് വടക്കുവശത്തുള്ള നിലം പഴയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ചെളിയുമുപയോഗിച്ച് നിലംനികത്തിയിരുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് വില്ലേജ് ഓഫീസര്‍ എത്തി സ്റ്റോപ്പ് മെമ്മോ നല്കി. വടുതല ജങ്ഷനു സമീപം ഏക്കറുകണക്കിന് നിലം സ്വകാര്യ വ്യക്തി രാത്രിയില്‍ നികത്തിയിരുന്നു. പോലീസ് സ്റ്റേഷനു സമീപം ബൈക്കില്‍ പോലീസിന്റെ നീക്കം നിരീക്ഷിക്കാന്‍ ആള്‍ക്കാരെ നിയോഗിച്ചതിനുശേഷമാണ് ഇവിടെ നിലം നികത്തിയത് കരാര്‍ നല്‍കിയായിരുന്നു. രാത്രി സമയങ്ങളില്‍ നിലം നികത്തല്‍ വ്യാപകമാകുന്നത്. നിലം നികത്തുന്ന വിവരം വില്ലേജ് ഓഫിസിലും പോലീസ് സ്റ്റേഷനിലും അറിയിച്ചാല്‍ അറിയിക്കുന്നവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ തന്നെ പുറത്തുവിടുന്നതിനാല്‍ അറിയിക്കുന്നവര്‍ക്കും ഭീഷണിയുണ്ടാകുന്നുണ്ട്. രാത്രിസമയങ്ങളില്‍ പോലീസ് പട്രോളിങ് ശക്തമാക്കിയാല്‍ ഒരുപരിധിവരെ നിലം നികത്തുന്ന വാഹനം പിടികൂടി നടപടിയെടുക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: