മരട്: കുമ്പളം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നടന്നുവന്ന അനധികൃത കായല്‍കയ്യേറ്റം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. ആലപ്പുഴ സ്വദേശിയായ സ്വകാര്യവ്യക്തി നിര്‍മിക്കുന്ന ആഡംബരവീടിനോടു ചേര്‍ന്നാണ് ഇരുപത്തഞ്ച് സെന്റോളം കായല്‍ മണ്ണിട്ടുനികത്തിയത്.
ഇന്നലെ രാവിലെ ആറരയോടെ മൂന്ന് ജെസിബികള്‍ മണ്ണ് നികത്താനായി സ്ഥലത്തെത്തിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് ബിജെപി, സിപിഐ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും റസിഡന്റ്സ് അസോസിയേഷന്‍കാരും സ്ഥലത്തെത്തി കയ്യേറ്റം തടഞ്ഞത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പനങ്ങാട് പോലീസും കുമ്പളം വില്ലേജ് ഓഫീസറും സ്ഥലത്തെത്തി.
കായല്‍ കയ്യേറ്റത്തിനെതിരെ ഒരാഴ്ച മുമ്പ് റസിഡന്റ്സ് അസോസിയേഷന് അധികൃതര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്കി നികത്തല്‍ തടയുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഇത് അവഗണിച്ച് വീണ്ടും കായല്കയ്യേറിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
കായല്‍ കയ്യേറി മണ്ണിട്ടുനികത്തിയ ഭാഗം പൂര്‍വസ്ഥിതിയിലാക്കണമെന്ന് പോലീസിനോടും വില്ലേജ് അധികൃതരോടും നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മണ്ണ് നീക്കംചെയ്തശേഷം വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി മൂന്ന് ജെസിബികള്‍ പനങ്ങാട് പോലീസിന് കൈമാറി. കസ്റ്റഡിയിലെടുത്ത ജെസിബികള്‍ സ്റ്റേഷനിലേക്ക് മാറ്റി.
കുമ്പളം പഞ്ചായത്തില്‍ അധികൃതരുടെ ഒത്താശയോടെയുള്ള കായല്‍കയ്യേറ്റം തുടരുന്നതിനെതിരെ ശക്തമായ സമരപരിപാടികള്‍ തുടങ്ങുമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: