ആലുവ: മാര്‍ക്കറ്റ് റോഡിനെ മസ്ജിദ് റോഡുമായി ബന്ധിച്ച് പതിറ്റാണ്ടുകളായി പൊതുജനം ഉപയോഗിച്ചിരുന്ന ചര്‍ച്ച് റോഡില്‍ സ്വകാര്യ വ്യക്തികളുടെ താത്പര്യാര്‍ത്ഥം ക്രോസ് ബാര്‍ സ്ഥാപിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ മര്‍ച്ചന്റ്സ് അസോസിയേഷനുകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പഴയ മാര്‍ക്കറ്റ് ഭാഗത്ത് നിന്ന് കാരോത്തുകുഴി ഭാഗത്തേക്ക് വണ്‍വേ സമ്പ്രദായം നിലനില്‍ക്കുന്നതിനാല്‍ മിനി ലോറി വരെയുള്ള വാഹനങ്ങള്‍ ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന പൊതുവഴിയിലാണ് ചില വ്യക്തികളുടെ താല്പര്യാര്ത്ഥം കഴിഞ്ഞയാഴ്ച്ച ക്രോസ് ബാര്‍ സ്ഥാപിച്ചത്. വഴിയില്‍ സിമന്റ് കട്ടകള്‍ വിരിക്കുന്നതിനായി ഗതാഗതം നിരോധിച്ചതിന്റെ മറവിലാണ് ഇരുമ്പ് പൈപ്പില്‍ തീര്‍ത്ത ക്രോസ് ബാറും സ്ഥാപിച്ചത്. അനധികൃത ക്രോസ് ബാര്‍ നീക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മര്‍ച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 11ന് വ്യാപാരഭവനില്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ട്രേഡ് യൂണിയന് നേതാക്കള്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജനകീയ ആവശ്യം നഗരസഭ അവഗണിച്ചാല്‍ ക്രോസ് ബാര്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വന്തം നിലയില്‍ നീക്കം ചെയ്യുമെന്നും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് നഗരസഭയായിരിക്കും ഉത്തരവാദികളെന്നുമാണ് അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ചര്‍ച്ച് റോഡില്‍ ക്രോസ് ബാര്‍ ഏര്‍പ്പെടുത്തിയത് മനുഷ്യജീവന് സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായാണെന്ന് നഗരസഭ ചെയര്മാന് എം.ടി. ജേക്കബ് പറഞ്ഞു. നഗരസഭ കൗണ്‍സില്‍ തീരുമാനപ്രകാരമാണ് നടപടി. 20 വര്‍ഷം മുമ്പ് ചര്‍ച്ച് റോഡിന്റെ ഇരുവശത്തും വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു.
ഇക്കാലത്ത് ഈ ഭാഗത്ത് താമസിച്ചിരുന്ന ചിലര്‍ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വാങ്ങിയപ്പോള്‍ പൈപ്പുകള്‍ നീക്കിയതാണ്. തുടര്‍ന്നാണ് ഇതിലെ വലിയ വാഹനവും കടന്നുപോകാന്‍ തുടങ്ങിയത്. നിസാന്‍ ലോറികള്‍ വരെ കടന്നുപോകാനുള്ള സൗകര്യം നിലനിര്‍ത്തിയാണ് ക്രോസ് ബാര്‍ സ്ഥാപിച്ചിട്ടുള്ളതെന്നും മറിച്ചുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: