പാലാ: യെമനിലെ യുദ്ധഭൂമിയില്‍ പ്രാണഭയത്തോടെ മലയാളി നഴ്സ്. ഹൃദയം നുറുങ്ങും വേദനയില്‍ പ്രാര്‍ത്ഥനയും കണ്ണീരുമായി മാതാപിതാക്കള്‍. ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് യെമനിലെ ഏയ്ഡനില്‍ ജോലി ചെയ്യുന്ന പാലാ വള്ളിച്ചിറ പാലിയാനിക്കല് ബാബു-രത്നമ്മ ദമ്പതികളുടെ മകന് അനൂപ് ബാബുവാണ് യെമനില്‍ അകപ്പെട്ടത്.
2013 ജൂലൈയിലാണ് അനൂപ് ജോലി ലഭിച്ച് യെമനിലേക്ക് യാത്രയായത്. ഏയ്ഡനിലുള്ള അല്‍വാലി ആശുപത്രിയിലാണ് ജോലി ലഭിച്ചത്. നിര്‍ധന കുടുംബാംഗമായ അനൂപിന് വിദ്യാഭ്യാസ വായ്പയ്ക്കും വിസയ്ക്കുമായും എടുത്തതുള്‍പ്പെടെ മൂന്നരലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. സഹോദരിയുടെ വിവാഹത്തിന് പണം സ്വരൂപിക്കുന്നതിനും കൂടിയാണ് കുറഞ്ഞ ശമ്പളത്തിനാണെങ്കിലും യെമനിലെ ജോലിയില്‍ പ്രവേശിച്ചത്. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി ജൂലൈയില്‍ അവധിക്കായി നാട്ടില്‍ വരാനിരിക്കുമ്പോഴാണ് യുദ്ധം മൂലം ജോലി ഉപേക്ഷിച്ച് മടങ്ങേണ്ടിവരുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അനൂപ് ജോലി ചെയ്യുന്ന ഏയ്ഡനില്‍ യുദ്ധവും ആക്രമണവും കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. ജോലിക്ക് പോകുന്നുണ്ടെന്ന് അനൂപ് വീട്ടുകാരെ ഫോണില്‍ വിളിച്ചറിയിച്ചുവെങ്കിലും ഭീതിയിലാണ് കുടുംബം.
ജോലി ഉപേക്ഷിച്ച് എങ്ങനെയും അനൂപിനെ നാട്ടിലെത്തിക്കാന്‍ ആരുടെ സഹായം തേടുമെന്നറിയാതെ കുഴങ്ങുകയാണ് കുടുംബം. മുഖ്യമന്ത്രി ഇടപെട്ട് അനൂപിനെ നാട്ടിലെത്തിക്കാനും നാട്ടിലോ, വിദേശത്തോ സുരക്ഷിതമായ ജോലി ലഭിക്കാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ധന കുടുംബത്തിന്റെ അപേക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: