എരുമേലി: അകാരണമായി എസ്റ്റേറ്റ് ജോലിയില്‍ നിന്ന് പിരിച്ച് വിട്ട തോട്ടം തൊഴിലാളികളെ തിരിച്ചെടുക്കാനും, ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന സദ്യാലയം പുനര്‍ നിര്‍മ്മിക്കാനും തീരുമാനമായി. ഇന്നലെ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലൂടെയാണ് തൊഴിലാളികളെ തിരിച്ചെടുക്കുവാന്‍ തീരുമാനമായത്. പൂവന്‍പാറമല ക്ഷേത്രത്തില്‍ പുതിയതായി സദ്യാലയം നിര്‍മ്മിച്ചത് തോട്ടം കയ്യേറിയാണന്ന് ആരോപിച്ചാണ് ക്ഷേത്രം ഭാരവാഹികളായ രണ്ട് തൊഴിലാളികളെ ചെറുവള്ളി എസ്റ്റേറ്റ് മാനേജ്മെന്റ് പിരിച്ചു വിട്ടത്. കഴിഞ്ഞ ഒരാഴ്ചയായി എസ്റ്റേറ്റില്‍ പൂവന്‍പാറമല ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സത്യാഗ്രഹ സമരം നടന്നുവരുകയായിരുന്നു. തൊഴിലാളികള്‍ ഉള്‍പ്പെട്ട തൊഴിലാളി യൂണിയനുകള്‍ പ്രശ്നത്തില്‍ ഇടപെടാതിരുന്നതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി കാഞ്ഞിരപ്പളളി താലൂക്ക് കമ്മറ്റി ക്ഷേത്ര കമ്മറ്റിയുടെ സമരത്തിന് പിന്തുണയുമായി എത്തുകയായിരുന്നു. ആദ്യം തൊഴിലാളികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാതിരുന്ന തോട്ടം മാനേജ്മെന്റ് തൊഴിലാളികളുടെ സമരപ്പന്തല്‍ ഗുണ്ടകളെ ഉപയോഗിച്ച് തകര്‍ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് തോട്ടത്തില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹര്‍ത്താലാചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കാഞ്ഞിരപ്പളളി തഹസില്‍ദാരുടെ നേതൃത്വത്തിലുളള സംഘം തോട്ടത്തിലെത്തി ക്ഷേത്രവും, സമരക്കാരേയും സന്ദര്‍ശിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കളക്ടരുടെ ചേമ്പറില്‍ നടന്ന് ചര്‍ച്ചയില്‍ തൊഴിലാളികളെ തിരിച്ചെടുക്കുവാനും സമരവുമായി ബന്ധപ്പെട്ട് പോലീസ് എടുത്തിട്ടുളള കേസുകള്‍ പിന്‍വലിക്കുവാനും തീരുമാനിച്ചു. ശനിയാഴ്ച തഹസില്‍ദാര്‍, കാഞ്ഞിരപ്പളളി ഡിവൈഎസ്പി എന്നിവര്‍ ക്ഷേത്രം സന്ദര്‍ശിച്ച് സദ്യാലയം നിര്‍മ്മിക്കേണ്ട സ്ഥലം നിര്‍ണ്ണയിക്കും. ഈ സ്ഥലത്ത് സദ്യാലയം ക്ഷേത്രം കമ്മറ്റി നിര്‍മ്മിക്കുവാനും ചര്‍ച്ചയില്‍ ധാരണയായി. ചര്‍ച്ചയില്‍ ചെരുവളളി എസ്റ്റേറ്റ് ജനറല്‍ മാനേജര്‍, ഡയറക്ടര്‍, പിആര്‍ഓ, സമര സമിതി കണ്‍വീനര്‍ വി.സി. അജികുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ആര്. ഹരിലാല്‍, ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി മനോജ് എസ്, പ്രസന്നന്, കെ.ആര്. സോജി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: