നമ്മുടെ ദുഃഖങ്ങള്‍ മൂന്നുതരത്തില്‍ ഉള്ളവയാണ്. ഭൗതികം, മാനസികം, ആത്മീയം എന്നിങ്ങനെ അവയെ വിവക്ഷിക്കാം. ശരീരത്തെ സംബന്ധിക്കുന്ന ഭൗതിക ദുഃഖങ്ങള്‍ യഥാര്‍ത്ഥത്തില്‍ രോഗമോ ദാരിദ്ര്യമോമൂലം വന്നുചേരുന്നവ മാത്രമാണ്. മനസ്സിന്റെ താളപ്പിഴകളും അവയെ സ്വാധീനിക്കാം. അവയെ ഇല്ലാതാക്കാനോ ക്ഷോഭമില്ലാതെ സഹിക്കാനോ ഉള്ള പ്രാപ്തി അദ്ദേഹം ജനിപ്പിക്കുന്നു. ശരിയായ ധാരണകള്‍ സൃഷ്ടിച്ചാണ് അദ്ദേഹം അത് നിര്‍വഹിക്കുന്നത്.
മാനസിക ദുഃഖങ്ങള്‍ രണ്ടുതരത്തില്‍ ഉണ്ടാവുന്നു. മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിച്ച് അത്യാഗ്രഹംമൂലം നാം തന്നെ സൃഷ്ടിക്കുന്നവയാണ് ആദ്യത്തേത്. രണ്ടാമത്തേത് ചൂഷണത്താലും അതിക്രമങ്ങളാലും പിടയുന്നവരുടെ ദുഃഖത്തിന്റെ അലകള്‍ മനസ്സില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളാണ്.
സ്വന്തം ശ്രേഷഠതയെക്കുറിച്ച് ബോധം ഉണ്ടാവുമ്പോള്‍ ആദ്യത്തെ ദുഃഖം അപ്രത്യക്ഷമാവുന്നു. ത്യാഗ നിഷ്ഠമായ ജീവിതമാണ് രണ്ടാമത്തേതിനുള്ള പ്രതിവിധി.
പ്രപഞ്ചത്തില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്ന ജീവന്‍ സൃഷ്ടിയുടെ പൂര്‍ണത സാക്ഷാത്കരിച്ച് ദിവ്യത്വം ആസ്വാദിക്കാന്‍ വെമ്പുന്നു. ആ പരിണാമത്തില്‍ ഏര്‍പ്പെടുന്ന തടസ്സങ്ങളാണ് ആത്മാവിന്റെ അഥവാ ജീവന്റെ ദുഃഖഹേതു.
















