കൊട്ടാരക്കര: പുരാതനമായ പെരുംകുളം കളതട്ട് നിയമവിരുദ്ധമായി പൊളിച്ച മെമ്പര്‍ കെ.വി.അനിലിനെതിരെ ക്രിമിനല്‍കേസ് എടുക്കണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മുന്നൂറുവര്ഷം പഴക്കമുള്ളതും ക്ഷേത്രഅനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതുമായ പെരുംകുളം കോഴിക്കാട്ടുകാവ് ക്ഷേത്രസമീപത്തെ കളതട്ടാണ് പഞ്ചായത്തിന്റെ മാനദണ്ഡങ്ങളെ കാറ്റില്‍പ്പറത്തി പൊളിച്ചത്.
പുരാതനമായ കൊത്തുപണികളുള്ള തടികളും കല്തൂണുകളുമടങ്ങിയ കളത്തട്ട് ടെണ്ടര്‍ പോലും വിളിക്കാതെ മെമ്പറുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയതിന്റെ പിന്നില്‍ ദുരൂഹതയും അഴിമതിയുമുണ്ട്. താലിബാന് മോഡല്‍ നടപടിയാണ് മെമ്പര്‍ കെ.വി.അനില്‍ നടത്തിയതെന്ന് യോഗം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ പൈതൃകത്തിന്റെ അവശേഷിപ്പായി നാമമാത്രമായ കളത്തട്ടുകള്‍ പുനരുദ്ധരിച്ച് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ മഹത്തായ പൈതൃകത്തെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന നടപടി അവസാനിപ്പിക്കണം.
ഈ കിരാതനടപടിക്കെതിരെ ശബ്ദിത്ത ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന കൊട്ടാരക്കര എസ്ഐയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്തുമെന്ന് ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അഡ്വ.വയയ്ക്കല്‍ സോമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: