ഓയൂര്‍: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഏക മേജര്‍ ശ്രീരാമക്ഷേത്രമായ വെളിനല്ലൂര്‍ ശ്രീരാമസ്വാമിക്ഷേത്രത്തിലെ ഐതീഹ്യ പെരുമയും ചരിത്രവും വിളിച്ചോതുന്ന മീനമാസത്തിലെ രോഹിണിയോടനുബന്ധിച്ചുള്ള വെളിനല്ലൂര്‍ വയല്‍-മണല്‍ വാണിഭമേളയ്ക്ക് തുടക്കമായി.
ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന ഇത്തിക്കരയാറിന്റെ മണല്‍പ്പരപ്പില്‍ രോഹിണിനാളില്‍ നൂറ്റാണ്ടുകളായി നടന്നുവരുന്ന കാര്ഷികസംസ്ക്യതി വിളിച്ചോതുന്ന വിപണനമാണ് മണല്‍ വാണിഭമേള. മീനമാസത്തിലെ രോഹിണിയില്‍ പ്രഭാതം വിടരുന്നത് ക്ഷേത്രത്തിനു മുന്നില്‍ നടക്കുന്ന മത്സ്യകച്ചവടത്തോടെയാണ്. നാനാജാതി മതസ്ഥര്‍ ഇവിടെയെത്തി മത്സ്യം, ചുണ്ണാമ്പ്, ഉപ്പ് എന്നിവ വാങ്ങി‘തൊട്ടുതീണ്ടല്‍’എന്ന ആചാരം നടത്തിപ്പോരുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടെ ധാരാളം ഉരുക്കള്‍ കാളവയല്‍ കേന്ദ്രീകരിച്ച് എത്തുകയും രോഹിണിനാളില്‍ വയല്‍ വാണിഭമായി വില്‍പ്പന നടത്തുകയും ചെയ്യുന്നു. കാര്ഷികസംസ്കൃതിയുടെയും ഐതീഹ്യപ്പെരുമയുടെയും ഈ ആഘോഷം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് വെളിനല്ലൂര്‍ ഫെസ്റ്റ് എന്ന പേരിലാണ് നടത്തുന്നത്. അടുത്തമാസം ഒന്നാംതീയതി വരെ നീളുന്ന വെളിനല്ലൂര്‍ ഫെസ്റ്റ് സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം കുറിച്ചു. ബുധനാഴ്ച കന്നുകാലി പ്രദര്‍ശനവും കാര്‍ഷികമേളയും നടക്കും.
വൈകിട്ട് 8ന് അഖിലകേരള വടംവലി മത്സരം, വ്യാഴാഴ്ച കലാപ്രതിഭകളെ ആദരിക്കല്‍ 8ന് ക്ഷേത്ര ആഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച വൈകിട്ട് 6ന് വനിതാസമ്മേളനം കൊല്ലം മേയര്‍ ഹണിബെഞ്ചമിന്‍ ഉദ്ഘാടനം ചെയ്യും. 10.30 ന് കലാസന്ധ്യ, ശനിയാഴ്ച 6ന് സാംസ്കാരിക സമ്മേളനം, 8ന് നാട്യശാസ്ത്രയുടെ നൃത്തനൃത്യങ്ങള്‍, ഞായറാഴ്ച 6ന് ചരിത്രസെമിനാര്‍, തിങ്കളാഴ്ച 6ന് സംഗീതസദസ്, ചൊവ്വാഴ്ച 6ന് പ്രതിഭാസംഗമം, ബുധന്‍ 6ന് സമാപന സമ്മേളനം, 8ന് ഗാനമേള എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: