പാലാ: കടപ്പാട്ടൂര്‍ ക്ഷേത്രത്തിന്റെ തിരുവരങ്ങില്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്ത് ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. കേരളത്തിന്റെ തനത് ക്ഷേത്രകലാരൂപം, പരമ്പരാഗതശൈലിയിലാണ് അവതരിപ്പിക്കപ്പെട്ടത്. വനവാസകാലത്ത് തങ്ങളെ അനുഗമിച്ച അനുയായികള്‍ക്ക് ഭക്ഷണം നല്കാന് വിഷമിച്ച യുധിഷ്ഠരന് സൂര്യഭഗവാന് കനിഞ്ഞുനല്കിയ അക്ഷയപാത്രത്തിന്റെ കഥ പരമ്പരാഗത ശൈലിയിലാണ് കൂത്തു കലാകാരനായ കാണിനാട് സൂരജ് ആസ്വാദകര്‍ക്കുമുമ്പില്‍ അവതരിപ്പിച്ചത്. എടുത്താലും എത്രമാത്രമെടുത്താലും തീരാത്തവിധം നാനാവിഭവങ്ങള്ക്കൊണ്ട് എപ്പോഴും നിറഞ്ഞുകവിയുന്ന അക്ഷയപാത്രം പാണ്ഡവര്‍ക്ക് വനവാസകാലം കഴിച്ചുകൂട്ടാന്‍ അനുഗ്രഹമായ കഥ സദസ്യരെ കഥാപാത്രങ്ങളോടുപമിച്ച് ആക്ഷേപഹാസ്യത്മകമായാണ് അരങ്ങേറിയത്. ഉടുത്തുകെട്ടും കിരീടവുമായി വേദിയിലെത്തിയ ചാക്യാര്‍ സ്വതസിദ്ധമായ ഫലിതവിരുന്നൊരുക്കി നിമിഷങ്ങള്‍ക്കൊണ്ട് സദസ്സിനെ കൈയിലെടുത്തു. പിന്നെ ചിരിയരങ്ങായി, ആരവുമായി. ചാക്യാര്‍കൂത്ത് ഹിന്ദിയിലും ഇതരഭാഷകളിലും അവതരിപ്പിച്ച ആദ്യ കലാകാരന് കൂടിയാണ് കാണിനാട് സൂരജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: