പള്ളിക്കത്തോട്: മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്ന ജനസമ്പര്‍ക്ക പരിപാടി നിര്‍ത്തിവച്ച് ഇതുവരെ ലഭിച്ചിട്ടുള്ള അപേക്ഷകള്‍ക്ക് പരിഹാരം കാണണമെന്ന് ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി എന്‍. ഹരി ആവശ്യപ്പെട്ടു. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടികള്‍ സാധുക്കളായ ജനങ്ങള്‍ക്ക് ഗുണം ചെയ്തില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് മുമ്പില്കണ്ട് അഗതി പെന്‍ഷനുകളുടെ പരിധി ഒരുലക്ഷം എന്നത് മൂന്നു ലക്ഷമായി ഉയര്‍ത്തി. ലക്ഷക്കണക്കിന് അര്‍ഹതയില്ലാത്ത അപേക്ഷകള്‍ എത്തിയതിനാല്‍ ഇത് നടപ്പാക്കാന്‍ സാധിച്ചില്ല. അതിനാല്‍ മൂന്നുലക്ഷം എന്നത് ഒരുലക്ഷമായി വീണ്ടും കുറച്ചു. ഈ അപേക്ഷകളില്‍ തീര്‍പ്പു കല്പിക്കാന് പഞ്ചായത്തിനെ ഏല്‍പ്പിച്ചിട്ട് അത് അവിടെ കെട്ടിക്കിടക്കുന്നു. വരുമാനം ആരുനിശ്ചയിക്കുമെന്ന തര്‍ക്കവും നിലനില്ക്കുന്നു. വില്ലേജ് ഓഫീസുകള്‍ വഴിയാണ് വേണ്ടതെന്ന് വിഇഒ, എല്വിഒമാര് പറയുന്നു. സര്‍ട്ടിഫിക്കറ്റ് നല്‍കില്ല എന്ന് റവന്യൂ വകുപ്പും പറയുന്നു. ഇതുമൂലം കഷ്ടത അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. ഒരു ലക്ഷത്തിലധികം ആളുകളാണ് ജില്ലയില്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത്. മുഖ്യമന്ത്രിക്കു ലഭിച്ച അപേക്ഷകള്‍ ഓരോ വകുപ്പിനും അയച്ചുകൊടുത്തതല്ലാതെ നടപടികളൊന്നുമായില്ല. അതിനാല്‍ ഇതുവരെ ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കി പാവങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് എന്‍.ഹരി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: