മാന്നാര്‍: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെവഴി കൊറ്റോട് പുത്തന്‍വീട്ടില്‍ ചെല്ലപ്പന്റെ മകള്‍ തങ്കമണി (32)യുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പാവുക്കര കരയോഗം യുപി സ്കൂളിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോനെ (അനില്‍കുമാര്‍-39)യാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവിന്റെ മാനസിക പീഡനത്തില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മറ്റൊരു സ്ത്രീയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്ന അനില്‍കുമാര്‍ തങ്കമണിയെ നിരന്തരം ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബര്‍ 31ന് ഉച്ചയ്ക്കാണ് തങ്കമണി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.
ഗുരുതരമായി പരിക്കേറ്റ തങ്കമണി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്നും അസുഖം ഭേദമാകുന്നതിനു മുന്‍പ് അനില്‍കുമാര്‍ ഡിസ്ചാര്‍ജ് വാങ്ങുകയും വീട്ടിലെത്തിച്ച് മരുന്നുകാനും തയ്യാറായില്ല. മുറിവുകള്‍ ഇന്‍ഫെക്ഷനായി ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് ഈ മാസം ആദ്യം നാട്ടുകാര്‍ മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാര്‍ച്ച് 13ന് പുലര്‍ച്ചെ മരിച്ചു.
എന്നാല്‍ ഈ സമയമെല്ലാം അനില്‍കുമാര്‍ മറ്റൊരു സ്ത്രീയോടൊപ്പം കഴിയുകയായിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം നാട്ടുകാര്‍ ചെറുകോലുള്ള സ്ത്രീയുടെ വീട്ടില്‍ എത്തുകയും ഇരുവരെയും പിടികൂടി പോലീസിന് കൈമാറുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: