തകഴി: പട്ടികജാതി കോളനിയില്‍ മോദി ഭരണത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് പട്ടികജാതി മോര്‍ച്ച ദേശീയ നേതാവെത്തി. തകഴി തെന്നടിയിലെ മാവല്ലയ്ക്കല് കിഴക്ക് ഐഎച്ച്ഡിപി കോളനിയിലാണ് ദേശീയ സെക്രട്ടറി അഡ്വ. എല്‍. മുരുകന് എത്തിയത്. ബിജെപിയുടെ അംഗത്വ പ്രചരണം ദലിത് കോളനികളില്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി മോര്‍ച്ച സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടിയുടെ തുടക്കമാണ് തകഴിയില്‍ നടന്നത്. പതിറ്റാണ്ടുകളായി കുടിവെള്ളം പോലും നല്‍കാതെ ഭരണകര്‍ത്താക്കള്‍ ഒറ്റപ്പെടുത്തിയ കോളനിയാണിത്. ഇന്നലെ രാവിലെയോടെയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന് അടക്കമുള്ള നേതാക്കള്‍ എത്തിയത്.
കോളനിയിലെ നിരവധി വീടുകളിലെത്തി ബിജെപി ഭരണത്തിന്റെ നേട്ടങ്ങള്‍ പങ്കുവച്ചു. പലരും അംഗത്വമെടുക്കാന്‍ തയാറായി മുന്നോട്ടുവന്നത് നേതാക്കള്‍ക്കും ആവേശമായി. കാലങ്ങളായി സിപിഎം അടക്കമുള്ള പാര്‍ട്ടികളില്‍ സജീവമായി പ്രവര്‍ത്തിച്ചുവന്നവരാണ് ബിജെപിയില്‍ അംഗത്വം എടുത്തത്.ബിജെപി ഭരണത്തില്‍ തൊഴിലുറപ്പ് പദ്ധതികള്‍ അട്ടിമറിക്കുമെന്ന പ്രചരണം വ്യാജമാണെന്നും യുപിഎ സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി ഏവര്‍ക്കും പ്രയോജനപ്രദമായ രീതിയിലാവും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുകയെന്ന് പി.എം. വേലായുധന് പറഞ്ഞു.
100 ദിവസം എന്നത് 150 ആയും 175 രൂപ വേതനം 212 രൂപയായും വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്, ജില്ലാ പ്രസിഡന്റ് കെ.ബി. ഷാജി, ജനറല്‍ സെക്രട്ടറി പി.എന്‍. രാജുക്കുട്ടി, വൈസ് പ്രസിഡന്റ് കെ.എം. മഹേന്ദ്രന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. വാസുദേവന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: