ചവറ: കെഎംഎംഎല്‍ കമ്പനിയില്‍ ട്രേഡ് യൂണിയന് നേതാവിന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട് ചവറയുടെ വിവിധ പ്രദേശങ്ങളില്‍ പേര് പതിയ്ക്കാത്ത നോട്ടീസ് ഇറങ്ങി.ട്രേഡ് യൂണിയനിലെയും രാഷ്ട്രീയക്കാരുടെയും ഇഷ്ടക്കാരെ നിയമിച്ചതിന്റെ പേരില്‍ ലാപ്പാ തൊഴിലാളികള്‍ ശക്തമായി പ്രതികരിച്ച് വരുന്നതിനിടയിലാണ് നോട്ടീസ് ഇറങ്ങിയിരിക്കുന്നത്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിയമനത്തില്‍ വന്‍അഴിമതിയാണ് നടക്കുന്നത്. പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കുകള്‍ പ്രസീദ്ധീകരിക്കാതെ മുന്‍കൂട്ടി നിയമിക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ കോഴവാങ്ങി നിയമനം നടത്താനാണ് ശ്രമം. കമ്പനി റിക്രൂട്ടിങ് ഏജന്‍സിയെ മാറ്റി മറ്റൊരു ഏജന്‍സിയെ പരീക്ഷാച്ചുമതല ഏല്‍പ്പിച്ചത് ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ വേണ്ടിയാണന്നും ആരോപണമുണ്ട്.
എക്യുപ്മെന്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ ഇപ്പോള്‍ നടന്ന നിയമനത്തില്‍ പന്മനയിലെ പ്രമുഖ ട്രേഡ് യൂണിയന് നേതാവിന്റെ മകനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണന്ന് ഇറങ്ങിയ നോട്ടീസില്പ്പറയുന്നു. ഉന്നത മാര്‍ക്ക് വാങ്ങുന്നതിന് നേതാവിന്റെ മകനു വേണ്ടി കമ്പിനിയില്‍ തന്നെയുളള ഉപകരണങ്ങളില്‍ പരീശീലനം നല്‍കിയതായും ആരോപണമുണ്ട്. തുടര്‍ന്ന് നടന്ന അഭിമുഖപരീക്ഷയില്‍ മുന്പന്തിയിലെത്തേണ്ടിയിരുന്ന പല ഉദ്യോഗാര്‍ഥികളെയും അഭിമുഖം തുടങ്ങുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് ചില രേഖകള്‍ വേണമെന്ന് കമ്പനി വാശിപിടിച്ച് ഇവരെ പുറത്താക്കി.
ഇതും നേതാവിന്റെ മകനെ സഹായിക്കുന്നതിനു വേണ്ടി ഉള്ളതാണെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇത്തരത്തില്‍ യൂണിയന് നേതാക്കന്മാരുടെ മക്കളെയും ബന്ധുക്കളെയും അഴിമതിയിലൂടെ തിരുകിക്കയറ്റാനാണ് നീക്കം എങ്കില്‍ ജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു. നോട്ടീസില്‍ സംഘടനകളുടെയോ വ്യക്തികളുടെയോ പേരുകള്‍ ഇല്ലാതെയാണ് ഇറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: