കൊല്ലം: പേവിഷ നിര്‍മാര്‍ജനവും തെരുവുനായ്ക്കളുടെ വന്ധ്യംകരണവും ലക്ഷ്യമിട്ട് തദ്ദേശഭരണ സ്ഥാപനങ്ങളും മൃഗസംരക്ഷണവകുപ്പും ചേര്‍ന്ന് വിപുലപദ്ധതിക്ക് തുടക്കം കുറിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്റെ അധ്യക്ഷതയില്‍ ജില്ലാകളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
പേവിഷ നിര്‍മാര്‍ജനം, തെരുവ് നായ്ക്കളുടെ വന്ധ്യംകരണം (എബിസി പ്രോഗ്രാം) എന്നിവയോടൊപ്പം വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും പേവിഷബാധയെക്കുറിച്ചും പദ്ധതിയുടെ ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനും തീരുമാനമായി.
നായ്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് രൂപരേഖ തയ്യാറാക്കുന്നതിന് മൃഗസംരക്ഷണവകുപ്പിനേയും പഞ്ചായത്ത് വകുപ്പിനേയും ചുമതലപ്പെടുത്തി. ആനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പ്രോഗ്രാം നടപ്പിലാക്കുന്നതിന് ടോക്കണടിസ്ഥാനത്തില് ശസ്ത്രക്രിയാ യൂണിറ്റുകള്‍ സജ്ജീകരിക്കും.
വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷം ശസ്ത്രക്രിയാനന്തര ശുശ്രൂഷകള്‍ നല്കി നായ്ക്കളെ പിടികൂടിയ സ്ഥലത്ത് തിരികെവിടും. പദ്ധതിക്കായി ജില്ലാപഞ്ചായത്ത് തുക വകയിരുത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു. എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും വരുംവര്‍ഷങ്ങളില്‍ പദ്ധതിക്കായി തുക നീക്കിവയ്ക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലാകളക്ടര്‍ ഡോ.എ.കൗശിഗന്, മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ആനിമേരി ഗോസാല്‍വസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.കെ.ചന്ദ്രപ്രസാദ്, മറ്റ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ജന്തുക്ഷേമ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: