ചവറ: യുവസൈനികന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്ത്. ചവറ മുകുന്ദപുരം മേനാമ്പളളില് മണ്ണൂര്‍ തെക്കതില്‍ രേവതിയില്‍ സി.രതീഷ്കുമാര്‍ എന്ന ഇരുപത്തിയാറുകാരന്റെ മരണമാണ് ദുരൂഹതയിലെത്തി നില്‍ക്കുന്നത്.
ചവറ കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കെടുക്കാന്‍ എത്തുമെന്ന് ഉറപ്പ് പറഞ്ഞ യുവസൈനികന് രതീഷിനെ കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് മകന് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയായിരുന്നു. എന്നാലിത് വിശ്വസിക്കാന്‍ ബന്ധുക്കള്‍ തയ്യാറല്ല.
കാരണം രതീഷ് ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജമ്മു കാശ്മീരിലെ ജോലി സ്ഥലത്ത് നിന്ന് ചവറയിലെ വീട്ടിലേക്ക് യാത്രതിരിച്ച രതീഷ് വഴിമദ്ധ്യേ മരിച്ചതില്‍ ദുരൂഹത ഉണ്ടന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അമ്പത് ദിവസത്തെ അവധിയെടുത്ത് വിമാനത്തില്‍ യാത്രതിരിച്ച് ഡല്‍ഹിയിലെ റയില്‍വേസ്റ്റേഷനു സമീപമുളള ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഫെബ്രുവരി 28ന് ഡല്‍ഹിയില്‍ എത്തിയെന്നും മാര്‍ച്ച് ഒന്നിന് താന്‍ 11.30നുളള ട്രെയിനില്‍ നാട്ടിലെത്തുമെന്ന് അമ്മയെയും സഹോദരനെയും കൂട്ടുകാരെയും രതീഷ് ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ രാത്രി 12.30ന് ശേഷം ബന്ധുക്കള്‍ തിരിച്ച് വിളിച്ചെങ്കിലും പ്രതികരണം ഇല്ലായിരുന്നു. മാര്‍ച്ച് ഒന്നിന് യുവസൈനികനായ രതീഷിനെ ഹോട്ടല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി എന്ന് ഡല്‍ഹി പോലീസാണ് വീട്ടില്‍ അറിയിച്ചത്. ഇതറിഞ്ഞ ദേവസ്വം ജീവനക്കാരനായ പിതാവ് ചന്ദ്രബാബു ഡല്‍ഹിയില്‍ എത്തിയപ്പോഴേക്കും രതീഷിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് അഞ്ചിന് മൃതദേഹം വീട്ടില്‍ കൊണ്ട് വന്ന് സംസ്കരിച്ചിരുന്നു.
ഏറ്റവും അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് പങ്കെടുക്കാനും വിവാഹം ഉറപ്പിക്കാനുമാണ് രതീഷ് ലീവെടുത്ത് നാട്ടിലേക്ക് തിരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഒരു വര്‍ഷമായി കാശ്മീരില്‍ ജോലി ചെയ്തുവന്ന രതീഷ്കുമാറിന് വടക്കേ ഇന്ത്യയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ മികച്ച രക്ഷാപ്രവര്‍ത്തനം നടത്തിയതിന് സ്വര്‍ണ്ണമെഡല്‍ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി പോലീസ് പറയുന്നത് പോലെ തന്റെ മകന് ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് അമ്മ ലീലാമണി പറയുന്നു. രതീഷിന്റെ മരണത്തിനു പിന്നില്‍ ദുരൂഹത ഉണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ബന്ധപ്പെട്ട അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനുളള തയ്യാറെടുപ്പിലാണ് സഹോദരങ്ങളും ബന്ധുക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: