കോട്ടയം: ജനസാഗരമായ തിരുനക്കരയില്‍ പൂരം പെയ്തിറങ്ങി. നഗരം ആവേശക്കൊടുമുടിയേറി. തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകല്‍പ്പൂരത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളെത്തി. 22ഗജവീരന്മാരും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ പ്രമാണത്തില്‍ നൂറില്‍പ്പരം കലാകാരന്മാര് അണിനിരന്ന അല്ത്തറമേളവും പാറമേക്കാവ് ദേവസ്വത്തിന്റെ ചുമതലയില്‍ നടന്ന കുടമാറ്റവും സംഗമിച്ചപ്പോള്‍ ക്ഷേത്രമൈതാനിയില്‍ ആവേശത്തിന്റെ തിരയിളക്കംതന്നെ സൃഷ്ടിച്ചു.
മൂന്നു മണിയോടെ ക്ഷേത്രതിരുമുറ്റത്തുനിന്നും കിഴക്കേ ഗോപുരവാതിലിലൂടെ പുറത്തേക്ക് എത്തിയപ്പോള്‍ ജനങ്ങള്‍ ആര്‍പ്പുവിളികളും പുഷ്പവൃഷ്ടിയുമായി സ്വീകരിച്ചു. ദേവന്റെ തിടമ്പുമായി ശിവന് പടിഞ്ഞാറന്‍ ചേരുവാരത്തിന് നേതൃത്വമേകി. കിഴക്കുംചേരിയിലെ ഉഷശ്രീ ദുര്ഗ്ഗാപ്രസാദാണ് ആദ്യം പൂരപ്പറമ്പിലേക്കിറങ്ങിയത്. തുടര്‍ന്ന് വലിയവീട്ടില്‍ ഗണപതി, ചോയിസണ് അമ്പാടിക്കണ്ണന്, കുളമാക്കല്‍ പാര്‍ത്ഥസാരഥി, നന്ദിലത്ത് പത്മനാഭന്, ബാസ്റ്റിന് വിനയസുന്ദര്‍, ചൈത്രം അച്ചു, ചെര്‍പ്പുളശേരി ശ്രീഅയ്യപ്പന്, നന്ദിലത്ത് ഗോപാലകൃഷ്ണന്, പാമ്പാടി സുന്ദരന്‍ എന്നീ ഗജവീരന്മാരാണ് കിഴക്കേ ചേരുവാരത്തില്‍ അണിനിരന്നത്. കിഴക്കന്‍ ചേരുവാരത്തെ നയിച്ചത് കുട്ടന്‍കുളങ്ങര അര്‍ജ്ജുനാണ്.
ഉണ്ണിപ്പിള്ളി ഗണേശന്, വേമ്പനാട് അര്ജ്ജുനന്, കീഴൂട്ട് വിശ്വനാഥന്, പല്ലാട്ട് ബ്രഹ്മദത്തന്, ഗുരുവായൂര്‍ നന്ദന്, തിരുമല ഗജേന്ദ്രന്, മുണ്ടക്കല്‍ ശ്രീനന്ദന്, തടത്താവിള രാജശേഖരന്, ജയശ്രീ വാസുദേവന്‍, കിരണ്‍ ഗണപതി എന്നിവര്‍ തിരുനക്കര ശിവനോടൊത്ത് പടിഞ്ഞാറന്‍ ചേരുവാരത്തില്‍ അണിനിരന്നു.
ആനപ്രേമികളുടെ സ്വപ്നം സാക്ഷാത്കരിച്ച് മഹാദേവന്റെ തിടമ്പുമായി തിരുനക്കര ശിവന് ഗോപുരവാതിക്കലെത്തിയപ്പോള് ആഹ്ലാദത്തിമിര്‍പ്പില്‍ ജനസാഗരം ഇളകിമറിഞ്ഞു. അന്തരീക്ഷം പഞ്ചാക്ഷരീമന്ത്രമുഖരിതമായി. പൂരത്തിന് സമാരംഭം കുറിച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഭദ്രദീപം തെളിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍, ബിജെപി നേതാവ് അഡ്വ. ജോര്‍ജ്ജ് കുര്യന്, സിപിഎം നേതാവ് വി.എന്‍. വാസവന്, മുനിസിപ്പല്‍ ചെയര്മാന് കെആര്‍ജി വാര്യര്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കുമാരന് എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: