ക.വി കുഞ്ഞുണ്ണിമാഷുമായുള്ള പരിചയത്തില്‍ കവിതയെഴുതിത്തുടങ്ങി, ഇപ്പോള്‍ കവിയെന്ന നിലയില്‍ ശ്രദ്ധനേടുകയാണ് മുരളീധരന് കൊല്ലത്ത്.
കവിതകളെഴുതാന്‍ വീണ്ടും വീണ്ടും പ്രോത്സാഹനം നല്കാന് നിരവധി പേര് ചുറ്റുമുണ്ടായിരുന്നതും മുരളീധരന് അനുഗ്രഹമായി.
താന്‍ എഴുതിയ കവിതകള്‍ ചില പത്രമാധ്യമങ്ങളിലൂടെ വെളിച്ചം കണ്ടതും കൂടുതല്‍ പ്രേരണയായി. അങ്ങനെയിരിക്കെയാണ് ഞെരളത്ത് രാമപ്പൊതുവാളെന്ന സോപാനസംഗീത ആചാര്യനെക്കുറിച്ച് എഴുതിയ കവിത കോഴിക്കോട് റേഡിയോനിലയം പ്രക്ഷേപണം ചെയ്തത്. മുരളീധരനെന്ന കവിയെക്കുറിച്ച് സമീപ നാടുകളിലും അങ്ങനെ അറിഞ്ഞുതുടങ്ങി.
ഒരു വ്യാഴവട്ടം മുമ്പാണ് മലപ്പുറം ജില്ലാതലത്തില്‍ കവിതാലാപനത്തിന് ഒന്നാം സ്ഥാനത്തിന് മുരളീധരന് അര്‍ഹനായത്. കീഴാറ്റൂരില്‍ പൂന്താനം സാഹിത്യോത്സവം, വര്‍ഷങ്ങളായി തുഞ്ചന്‍പറമ്പില്‍, പി. കുഞ്ഞിരാമന്‍നായര്‍ അനുസ്മരണച്ചടങ്ങില്‍ ഇങ്ങനെ വിവിധ സ്ഥലങ്ങളില്‍ നിരവധി വേദികളില്‍ കവിതകളനവധി മുരളീധരന് അവതരിപ്പിച്ചുകഴിഞ്ഞു.
ഏഷ്യാനെറ്റ്, അമൃത, ജയ്ഹിന്ദ്, കൈരളി, ദൂരദര്ശന് എന്നീ ചാനലുകളില്‍ പലപ്പോഴായി മുരളിയുടെ കവിതകളുടെ അവതരണം പതിവായിരുന്നു. ‘മുലപ്പാലും ഭാഷയും’ എന്ന സിഡി കവിതകള്‍ മാതാ അമൃതാനന്ദമയിക്ക് നല്‍കിക്കൊണ്ടാണ് പുറത്തിറക്കിയത്.
നെഹ്രു യുവകേന്ദ്ര, ഡിടിപിസി, സോങ് ആന്റ് ഡ്രാമാവിഷന് എന്നിവര്‍ സംയുക്തമായി ഒരാഴ്ചയോളം നടത്തിയ നാടകാവതരണത്തില്‍ മഹാബലി, വാസ്കോഡിഗാമ, വേലുത്തമ്പിദളവ, മാര്‍ത്താണ്ഡവര്‍മ്മ, രാജാരവിവര്‍മ്മ തുടങ്ങിയ വ്യത്യസ്ത വേഷങ്ങള്‍ സ്ത്യുത്യര്‍ഹമായി അവതരിപ്പിച്ച് ഭാരത സര്‍ക്കാരിന്റെ ബഹുമതിയും നേടി.
മതിലകത്ത് ഗോപാലകൃഷ്ണമേനോനും കൊല്ലത്ത് പത്മാവതിയമ്മയുടേയും മകനാണ് മുരളീധരന് കൊല്ലത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: