വൈക്കം: വടയാര്‍ ആറ്റുവേല ഇന്ന് നടക്കും. ഇന്ന് രാത്രി 1 മണിക്കാണ് ആറ്റുവേല ആറ്റുവേലക്കടവില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഇളങ്കാവ് ക്ഷേത്രക്കടവിലേക്ക് ഒഴുകി വരുന്നത്. കേരളത്തില്‍ ഏറ്റവും ആകര്‍ഷകമായ ജലഘോഷയാത്രയാണിത്. കൊടുങ്ങല്ലൂര്‍ ഭഗവതി അനുജത്തിയായ ഇളംകാവിലമ്മയെ കാണാന്‍ അശ്വതി നാളില്‍ ആറ്റുവേല ചാടില്‍ എഴുന്നള്ളി ഇളംകാവ് ക്ഷേത്രത്തിലേക്ക് എത്തുന്നതാണ് ആറ്റുവേലയുടെ ഐതീഹ്യം. അവകാശികളായ കുടുംബക്കാരാണ് ആറ്റുവേല ചാട് നിര്‍മ്മിക്കുന്നത്. പൂപ്പള്ളി കുടുംബത്തിനും കരക്കണ്ടതില് കുടുംബത്തിനുമാണ് ഇതിന്റെ അവകാശം. ഇപ്പോഴത്തെ തലമുറക്കാരാണ് ഇളങ്കാവ് ക്ഷേത്രത്തില്‍ ആറ്റുവേല ചാട് നിര്‍മ്മിച്ചത്. ഇരുപത്തിയെട്ട് കേവ്ഭാരം താങ്ങാവുന്ന രണ്ട് വള്ളങ്ങള്‍ ചേര്‍ത്ത് അതില്‍ തട്ടുണ്ടാക്കിയാണ് പതിനെട്ട് കോല് ഉയരത്തിലും പതിനൊന്ന് കോല് ചുറ്റളവിലും തേക്കിന് കഴകള്‍ കൊണ്ട് ക്ഷേത്ര മാതൃകയില്‍ ചാട് നിര്‍മ്മിച്ചത്. അതില്‍ കൊടുങ്ങല്ലൂര്‍ ഭവഗതി, അനന്തശയനം, വെളിച്ചപ്പാട്, ഭീഷ്മര്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ അലങ്കരിച്ച് വയ്ക്കും. വര്‍ണ്ണപ്രഭയോടെ നീങ്ങുന്ന ആറ്റുവേലയ്ക്ക് അകമ്പടിയായി നിരവധി വള്ളങ്ങളില്‍ ഇരുപതോളം തൂക്കച്ചാടുകളും ഉണ്ടാകും. രാത്രി 1 മണിക്ക് ആറ്റുവേലക്കടവില്‍ പുറക്കളത്തില്‍ ഗുരുതിക്ക്ശേഷം താഴികകുടത്തില്‍ ദീപം തെളിച്ച ശേഷമാണ് ആറ്റുവേല പുറപ്പെടുക. മൂന്ന് മണിക്കൂര്‍ സമയംകൊണ്ടാണ് ആറ്റുവേല ഇളങ്കാവ് ക്ഷേത്രത്തില്‍ എത്തുന്നത്. ഞായറാഴ്ച പുലര്‍ച്ചേ 4.30 ന് ആറ്റുവേല എത്തുമ്പോള്‍ അരിയും പൂവും എറിഞ്ഞ് ഭഗവതിയെ പള്ളിസ്രാമ്പിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ആറ്റുവേല ദര്‍ശനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: