കോട്ടയം: തെരുവുനായ്ക്കളുടെ ശല്യം വര്‍ദ്ധിക്കുന്നത് തടയാന്‍ ജില്ലാ ഭരണകൂടം ഊര്‍ജ്ജിത നടപടി ആരംഭിച്ചതായി കളക്ടര്‍ യു.വി.ജോസ് അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും പൂര്‍ണ്ണ സഹകരണത്തോടെ നായ്ക്കളുടെ വന്ധ്യംകരണം നടപ്പാക്കാനാണ് ഉദ്യേശിക്കുന്നത്
പ്രത്യേക പരിശീലനം ലഭിച്ചവര്‍ തെരുവുനായ്ക്കളെ അവയുടെ വിഹാര കേന്ദ്രങ്ങളില്‍ നിന്നും പിടികൂടി വാഹനങ്ങളിലെ കൂടുകളിലാക്കി വെറ്ററിനറി ആശുപത്രികളില്‍ എത്തിച്ചാണ് വന്ധ്യംകരണം നടത്തുക. ഇതിനാവശ്യമായ സൗകര്യം വെറ്ററിനറി ആശുപത്രികളില്‍ ഒരുക്കും. വന്ധ്യംകരണം നടത്തിയ നായ്ക്കളെ മൂന്ന് ദിവസം ആവശ്യമായ ഭക്ഷണവും മരുന്നും നല്കി അവയെ പിടിച്ച സ്ഥലത്ത് തന്നെ കൊണ്ടുവിടും. ഇതിനോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ കണ്‍വീനറായും ആരോഗ്യം – തദ്ദേശ സ്വയംഭരണം – പോലീസ് – ഗ്രാമവികസനം വകുപ്പുകളുടെ ജില്ലാതല ഉദ്യേഗസ്ഥരും ജനപ്രതിനിധികളും സന്നദ്ധ സംഘടന പ്രതിനിധികളും അടങ്ങുന്ന ഒരു ജനറല്‍ കമ്മറ്റിക്ക് പുറമേ അഡീഷണല്‍ ജില്ലാ മജിസ്ട്രേട്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ അടങ്ങുന്ന കോര്‍ കമ്മറ്റിക്കും രൂപം നല്കി.
എഡിഎം ടി.വി സൂഭാഷ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.ജി അനില്‍ കുമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി. ശശീന്ദ്രന് നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍.എം ഐഷാ ബായി, വെറ്ററിനറി ഡോക്ടര്‍മാര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: