പറവൂര്‍: വെടിമറയില്‍ മണ്ണ് മാഫിയ സംഘം സജീവമാകുന്നതായി പരാതി. പരിസരവാസികളെയെല്ലാം വെല്ലുവിളിച്ച് രണ്ട് സ്ഥലങ്ങളില്‍ നിന്ന് ജെസിബി ഉപയോഗിച്ച് ഭൂമി താഴ്ത്തി ടിപ്പര്‍ ലോറികളില്‍ വ്യാപകമായി മണ്ണ് കടത്തുന്നതായാണ് പരാതി. വാര്‍ഡു കൗണ്‍സിലര്‍ മണ്ണ് എടുപ്പിന് കൂട്ടുനില്‍ക്കുന്നതായി ആരോപിച്ച് ഈ പ്രദേശത്ത് നോട്ടീസുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ഫയര്‍ സ്റ്റേഷന് സമീപമുള്ള ഒരു പറമ്പില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്പ് ഏറെ താഴ്ചയില്‍ മണ്ണ് കടത്തികൊണ്ടുപോയിട്ടും ബന്ധപ്പെട്ട അധികാരികളൊന്നും ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു പറമ്പും ആഴത്തില്‍ താഴ്ത്തി മണ്ണ് കടത്തികൊണ്ടു പോകുന്നത്.
മണ്ണു കടത്തുന്നത് സംബന്ധിച്ച് പരിസരവാസികളുമായി നടക്കുന്ന ചില തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലേക്കും നീങ്ങുന്നുണ്ട്. പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളെല്ലാം മണ്ണ് എടുക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മണ്ണെടുപ്പു തടയാന്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നവശ്യവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഇതേ സമയം ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി വാങ്ങിയാണ് ഭൂമി താഴ്ത്തുന്നതെന്ന അവകാശവാദവുമായി മണ്ണ് എടുക്കുന്നവരും രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: