മരട്: മരട് നഗരസഭയിലെ നെട്ടൂരില്‍ ഒന്നാം ഡിവിഷനില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ചിരുന്ന ടെലഫോണ്‍ ബൂസ്റ്ററിന് അനുമതി നല്‍കിയിട്ടില്ല എന്ന നഗരസഭാ അധികൃതരുടെ വാദം പൊളിഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭാ അധികൃതര്‍ ഇന്നലെ രാവിലെ ബൂസ്റ്റര്‍ നീക്കംചെയ്തു. ജനവാസകേന്ദ്രത്തില്‍ ബൂസ്റ്റര്‍ സ്ഥാപിച്ചതിനെതിരെ മൂന്നുമാസത്തോളമായി കക്ഷിരാഷ്ട്രീയഭേദമന്യേ നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു.
ഇതോടനുബന്ധിച്ച് ഞായറാഴ്ച വൈകുന്നേരവും പ്രതിഷേധയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ സംസാരിച്ച നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും കൗണ്‍സിലര്‍മാരും ഈ ബൂസ്റ്റര്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്ന് പരസ്യമായി നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഇതേവേദിയില്‍ പ്രസംഗിച്ച സാംസ്കാരിക പ്രവര്ത്തകന് ഇ.എന്‍. നന്ദകുമാര്‍ ബൂസ്റ്റര്‍ സ്ഥാപിക്കുന്നതിന് നഗരസഭ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ചു. ഔദേ്യാഗികമായി ലഭിച്ച ഈ രേഖകള്‍ പ്രകാരം 20.09.2014ന് മരട് മുനിസിപ്പാലിറ്റി പെര്മിഷന് നമ്പര്‍ ബിഎ 191/14/15 പ്രകാരം 3 വര്‍ഷത്തേക്ക് ടവര്‍ നിര്‍മ്മിക്കാനും ബൂസ്റ്റര്‍ സ്ഥാപിക്കാനും അനുമതി നല്‍കിയിരുന്നു.
ഈ രേഖകള്‍ നേരിട്ടുകണ്ട നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. ഈ സമയം വേദിയിലുണ്ടായിരുന്ന നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും നാട്ടുകാരോട് മറുപടി പറയാന്‍ കഴിയാതെ വേദിയില്‍നിന്നും ഇറങ്ങിപ്പോയി. ഇത്തരത്തില്‍ നഗരസഭക്കാകെ നാണക്കേടുണ്ടാക്കിയ സംഭവങ്ങള്‍ക്കൊടുവിലാണ് തിങ്കളാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബൂസ്റ്റര്‍ നഗരസഭാധികൃതര്‍ ജെസിബി ഉപയോഗിച്ച് നീക്കംചെയ്ത് തടിതപ്പിയത്.
ഇത്തരത്തില്‍ 7 ടവറുകള്‍ക്ക് നഗരസഭ അനുമതി നല്കിയിട്ടുള്ളതായാണ് ലഭ്യമായ വിവരം. നഗരസഭയിലെ ജനവാസകേന്ദ്രങ്ങളില്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള മൊബൈല്‍ ടവറുകളുടെ പരിധിയില്‍ അര്‍ബുദരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നതായും നാട്ടുകാര്‍ ഒന്നടങ്കം ആക്ഷേപം ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: