ചേര്‍ത്തല: മുന്‍ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങള്‍ കടലാസില്‍ ഒതുങ്ങിയ സാഹചര്യത്തില്‍ ചേര്‍ത്തല നഗരസഭയുടെ അഞ്ചാമത്തെ ബജറ്റ് അവതരണം മാര്‍ച്ച് 17, 18 തീയതികളില്‍ നടക്കും. വികസനത്തിന്റെ കാര്യത്തില്‍ നഗരസഭ സ്വീകരിച്ചു വന്ന മെല്ലെപ്പോക്ക് നയം ആദ്യം മുതല്‍ തന്നെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കായിക പ്രേമികളുടെ സ്വപ്ന പദ്ധതിയായ മുനിസിപ്പല്‍ സ്റ്റേഡിയം ബജറ്റില്‍ ഉള്‍പ്പെടുത്തിയത് പ്രതീക്ഷ നല്‍കിയെങ്കിലും പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
റെയില്‍വേ സ്റ്റേഷനു സമീപത്തെ മിനി ബസ് സ്റ്റാന്‍ഡും, മത്സ്യമാര്‍ക്കറ്റ് ആധുനികവത്ക്കരണവും, പ്രധാന കവലകളുടെ വികസനവുമെല്ലാം ബജറ്റിലും, പ്രഖ്യാപനങ്ങളിലും മാത്രം ഒതുങ്ങി. ഡോ. അംബേദ്ക്കര്‍ പഠന ഗവേഷണകേന്ദ്രവും, ഗ്യാസ് ക്രിമിറ്റോറിയവും തുറക്കാത്തത് ഭരണസമിതിയുടെ പിടിപ്പുകേടായി. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുവാനോ, വഴിവിളക്കുകള്‍ സ്ഥാപിക്കുവോനോ ഭരണസമിതിക്ക് കഴിഞ്ഞില്ല. അനധികൃത ഇറച്ചിവെട്ട് തടയുന്നതിനായുള്ള ആധുനിക അറവുശാല പ്രാവര്‍ത്തികമായില്ല. സ്ത്രീശാക്തീകരണത്തിനായി കുടുംബശ്രീ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളൊന്നും ഫലപ്രദമായി വിനിയോഗിക്കുവാന്‍ കഴിഞ്ഞില്ലെന്നും പ്രതിപക്ഷം വിമര്‍ശിക്കുന്നു.
എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. കഴിഞ്ഞ നാല് ബജറ്റുകളിലും ഉള്‍പ്പെടുത്തിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞതായി ഭരണപക്ഷത്തിന്റെ അവകാശവാദം. ആരോപണങ്ങളും അവകാശവാദങ്ങളുമായി പ്രതിപക്ഷവും ഭരണപക്ഷവും മത്സരിക്കുമ്പോള്‍ ചേര്‍ത്തല നഗരത്തിന്റെ വികസനത്തിനായുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഭരണപക്ഷത്തിന്റെ അവസാന ബജറ്റായതിനാല്‍ വരുന്ന തെരെഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതികള്‍ക്കായിരിക്കും ബജറ്റില്‍ മുന്‍തൂക്കം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: