ആലപ്പുഴ: കൂട്ടു കൃഷിയുടെ മികച്ച മാതൃകയാക്കി ചിത്തിരക്കായല് കൃഷിയെ മാറ്റണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രണ്ടുപതിറ്റാണ്ടിനു ശേഷം കൃഷിയിറക്കിയ ചിത്തിരക്കായലിലെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റാണി കായലിലും ഈ വര്‍ഷം കൃഷിയിറക്കും. ഈ രണ്ടുദൗത്യവും കളക്ടറെ ഏല്‍പ്പിച്ചിട്ടുണ്ട്. ചിത്തിരക്കായലിലെ കൃഷി കൂട്ടായ്മയുടെ വിജയമാണ്. നെല്ല് സംഭരണം നിര്‍ത്തില്ലെന്നും കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്ന സ്ഥിതി മാറിയതായും ആദായകരമായതായും പറഞ്ഞു.
നെല്ലു സംഭരണത്തിന് ബജറ്റില്‍ 300 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. കിലോയ്ക്ക് 19 രൂപ നിരക്കിലാണ് നെല്ല് സംഭരണം. നീരയുടെ വരവ് നാളീകേര മേഖലയില്‍ വലിയമാറ്റമുണ്ടാക്കി. ഒരു തെങ്ങില്‍നിന്ന് 3,000 രൂപ വരെ വരുമാനം നേടുന്നവരുണ്ട്. വ്യക്തതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും പ്രവര്‍ത്തിച്ചാല്‍ വലിയ മാറ്റവും ഫലവുമുണ്ടാക്കാനാകും. കാര്‍ഷിക മേഖലയില്‍ വലിയമാറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതല്‍ സ്ഥലത്തേക്ക് നെല്‍കൃഷി വ്യാപിപ്പിക്കുമെന്നും ജില്ലയിലെ കൊയ്ത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജില്ലാ കളക്ടര്‍ ഉടന്‍ യോഗം വിളിക്കുമെന്നും യോഗത്തില്‍ അദ്ധ്യക്ഷ വഹിച്ച കൃഷി മന്ത്രി കെ.പി. മോഹനന് പറഞ്ഞു.
ചിത്തിരക്കായലില്‍ കൃഷിയിറക്കുന്നതിന് മുന്‍കൈയെടുത്ത കര്‍ഷകനായ ജോസ് ജോണ്‍ വെങ്ങാന്തറയെ കൃഷിമന്ത്രിയും ചിത്തിര പാടശേഖരസമിതി പ്രസിഡന്റ് അഡ്വ. വി. മോഹന്‍ദാസിനെ തോമസ് ചാണ്ടി എംഎല്‍എയും ആദരിച്ചു. ചിത്തിരക്കായലിലെ കൃഷിക്ക് മുന്നിട്ടിറങ്ങിയ ജില്ലാ കളക്ടറെ മുഖ്യമന്ത്രിയും കൃഷി മന്ത്രിയും പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: