കോട്ടയം: സാധാരണക്കാരുടെ വിനോദമായ സിനിമയെ പ്രോത്സാഹിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമി കോട്ടയത്ത് സംഘടിപ്പിച്ച രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ സമഗ്രവികസനത്തിന് അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരികയാണെന്നും കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം അവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
കോട്ടയം ആനന്ദ് തീയേറ്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. നല്ല പ്രമേയങ്ങളുമായി സിനിമ എടുക്കാന്‍ തയ്യാറായി പുതിയ തലമുറ മുന്നോട്ട് വരുന്നുണ്ട്. ഇവര്‍ക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങളും മറ്റു സഹായങ്ങളും നല്‍കും. പഴയകാല സിനിമകള്‍ ഡിജിറ്റലൈസ് ചെയ്ത് സംരക്ഷിക്കും. മുടങ്ങിക്കിടക്കുന്ന സിനിമ പ്രവര്‍ത്തക പെന്ഷന് ഏപ്രില്‍ മാസത്തില്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് ലോങ് അച്ചീവ്മെന്റ് അവാര്‍ഡ് നല്കി സംവിധായകന് കെ.ജി. ജോര്‍ജിനെ മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു. ദേശീയ അവാര്‍ഡ് നേടിയ കോട്ടയം ജില്ലയിലെ സിനിമ പ്രവര്‍ത്തകരായ പ്രേം പ്രകാശ്, ജോയി തോമസ്, ഡെന്നീസ് ജോസഫ്, ജയരാജ്, ടി.കെ. രാജീവ് കുമാര്‍, എം.പി. സുകുമാരന്‍ നായര്‍, രാജീവ്നാഥ്, പ്രതീപ് നായര്‍, രാജു മാത്യു, ഡോ. പി.എസ്. രാധാകൃഷ്ണന്, ജോഷി മാത്യു എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഐഎഫ്എഫ്കെ അവാര്‍ഡ് നേടിയ ചലച്ചിത്ര പ്രതിഭകളായ സിദ്ധാര്‍ഥ് ശിവ, കെ.എം. മനോജ്, സുദേവന്, സജിന്‍ ബാബു എന്നിവരെ അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന് നായര്‍ സദസിന് പരിചയപ്പെടുത്തി.
ചലച്ചിത്ര അക്കാദമി ചെയര്മാന് രാജീവ് നാഥ് മേള അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോസ് കെ. മാണി എം.പി, കെ. സുരേഷ് കുറുപ്പ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് കെ.ആര്.ജി. വാര്യര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, മാക്ട ചെയര്മാന് ജി.എസ്. വിജയന്, സിനിമ പ്രവര്‍ത്തകരായ പ്രേം പ്രകാശ്, ബാബു നമ്പൂതിരി, നിവേദിത എന്നിവര്‍ സംസാരിച്ചു.
അക്കാദമി വൈസ് ചെയര്മാന് ജോഷി മാത്യു സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ആര്യാടന് ഷൗക്കത്ത് നന്ദിയും പറഞ്ഞു. 10 മുതല്‍ 15 വരെ നടന്ന ചലച്ചിത്രോത്സവത്തില്‍ 37 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. 1,700 ഡെലിഗേറ്റുകള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: