വടക്കഞ്ചേരി: കരിങ്കയം ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമണത്തിനും മറ്റു പോലീസ് നടപടികള്‍ക്കും പിന്നാലെ കരിങ്കയത്തെ ഇരുന്നൂറേക്കര്‍ സര്‍ക്കാര്‍ തേക്കുതോട്ടം കത്തിനശിച്ചു. പരിസ്ഥിതി ആഘാതത്തിനു പുറമെ കോടികളുടെ നഷ്ടവും ഇതുമൂലമുണ്ടായി. ഫോറസ്റ്റ് സ്‌റ്റേഷനു സമീപം മുതല്‍ ഓടംതോട് വരെയുള്ള പ്രദേശങ്ങളാണ് അഗ്നിക്കിരയായത്.
ഒരേസമയം പലയിടത്തായി തീവച്ചതാകാം കൂടുതല്‍ പ്രദേശത്ത് കുറഞ്ഞ സമയത്തിനകം തീപടരാന്‍ ഇടയായതെന്നു സംശയിക്കുന്നു. അടിക്കാടും ചെറിയ മരങ്ങളും അപൂര്‍വമായ നിരവധി ഔഷധച്ചെടികളും ജീവികളുമെല്ലാം കത്തിനശിച്ചു. രണ്ടായിരം ഏക്കറോളം വരുന്നതാണ് തേക്കുതോട്ടം. അമ്പതുവര്‍ഷം പ്രായമായി മുറിച്ചുമാറ്റാന്‍ തയാറെടുക്കുന്നതിനിടെയാണ് വലിയ തേക്കുകള്‍ക്കും ദോഷം വരുന്ന തരത്തില്‍ തെങ്ങോളം ഉയരത്തില്‍ തീപടര്‍ന്നത്.
കഴിഞ്ഞമാസം 26നാണ് കരിങ്കയം ഫോറസ്റ്റ് സ്‌റ്റേഷനു നേരെ ആക്രമണമുണ്ടായത്. ഫോറസ്റ്റ് ജീപ്പും തല്ലിത്തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ കവിളുപ്പാറ ആദിവാസി കോളനിയിലെ ഊരുമൂപ്പന്‍ ഉള്‍പ്പെടെ അഞ്ച് ആദിവാസികളെ പ്രതി ചേര്‍ത്തായിരുന്നു പോലീസ് നടപടി. ഈ സംഭവത്തിനു രണ്ടുദിവസം മുമ്പ് കോളനിക്കടുത്ത് തീപിടിച്ചിരുന്നു. ഇതില്‍ കോളനിയിലെ ബിജുവിനെതിരേ പോലീസ് കേസെടുത്തു. കള്ളക്കേസുണ്ടാക്കി ആദിവാസികളെ ദ്രോഹിക്കുകയാണെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു.
മംഗലംഡാമില്‍ നിന്നും കോളനിയിലേക്കു ഓട്ടോയില്‍ പോയിരുന്ന ബിജുവിനെ പിടികൂടാനുള്ള വനംവകുപ്പിന്റെ സന്നാഹത്തിനിടെയാണ് ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ അരങ്ങേറിയത്. ഇത്തരം സംഭവങ്ങളോടെ വനംവകുപ്പും ആദിവാസികളും കാലങ്ങളായി നിലനിര്‍ത്തിയിരുന്ന സൗഹാര്‍ദത്തിനും വിള്ളല്‍ വീണു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: