കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ മുളവുകാട് ജനവാസ മേഖലയില്‍ സര്‍വീസ് റോഡ് നിര്‍മ്മിക്കുന്നതിന് പദ്ധതിനിര്‍ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചതായി എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ജിഡ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് എന്‍എച്ച്എഐ അധികൃതര്‍ ഇക്കാര്യം പറഞ്ഞത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതിനിര്‍ദേശം സമര്‍പ്പിച്ചത്.അനുമതി ലഭിച്ചാലുടന്‍ മുളവുകാട് സര്‍വീസ് റോഡ് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുമെന്നും എന്‍എച്ച്എഐ അറിയിച്ചു.
സര്‍വീസ് റോഡ് നിര്‍മ്മിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി മുളവുകാട് ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്. ഇതേതുടര്‍ന്ന് കണ്ടെയ്നര്‍ റോഡിലെ ടോള്‍ പ്ലാസ നിര്‍മാണം അനിശ്ചിതമായി തടഞ്ഞിട്ടിരിക്കുകയാണ്. ടോള്‍ പ്ലാസ നിര്‍മാണത്തിന്റെ കരാര്‍ കാലാവധി അടുത്തമാസം അവസാനിക്കും. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് എന്‍എച്ച്എഐ അധികൃതര്‍ യോഗത്തില്‍ അഭ്യര്‍ഥിച്ചു. സര്‍വീസ് റോഡ് സംബന്ധിച്ച പദ്ധതി നിര്‍ദേശം സമര്‍പ്പിച്ച സാഹചര്യത്തില്‍ ടോള്‍ പ്ലാസ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാന്‍ ധാരണയായി.
അനുമതി ലഭിച്ചാലുടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് എസ് ശര്‍മ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. മുളവുകാട് നിവാസികളെ ടോളില്‍നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുളവുകാട് സര്‍വീസ് റോഡ് നിര്‍മ്മാണത്തിന് അനുമതി ലഭിച്ചതിനുശേഷം മാത്രമേ ടോള്‍ പിരിവ് ആരംഭിക്കൂ എന്ന് എന്‍എച്ച്എഐ അധികൃതര്‍ കലക്ടര്‍ക്ക് രേഖാമൂലം ഉറപ്പ് നല്കി.
കണ്ടെയ്നര്‍ റോഡില്‍ ബോള്‍ഗാട്ടി മുതല്‍ മുളവുകാട് വരെ ആറിടങ്ങളില്‍ യൂടേണുകളും ആവശ്യാനുസരണം ലൈറ്റുകളും സ്ഥാപിക്കാനും തീരുമാനമായി. കണ്ടെയ്നര്‍ റോഡുകളിലെ കല്വര്ട്ടുകള്ക്കടിയിലെ ചെളി ഉടന്‍ നീക്കും. കല്വര്ട്ടറുകളില് ഷട്ടറുകള്‍ സ്ഥാപിക്കാനുള്ള നടപടിയെടുക്കും.
ഊന്നിവലകള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാകള്‍ക്ക് ധനസഹായം നല്കാന് അടിയന്തര നടപടി സ്വീകരിക്കും. കണ്ടെയ്നര്‍ റോഡിലെ അനധികൃത ലോറി പാര്‍ക്കിങ്ങ് മൂലം അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ഇത് ചര്‍ച്ച ചെയ്യാന്‍ ഉടന്‍ യോഗം വിളിക്കുമെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ വിവിധ കക്ഷി നേതാക്കളായ എം എം ലോറന്‍സ്, കെ പി ഹരിദാസ്, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി എസ് അന്‍സാര്‍, ജനകീയ വികസന സമിതി ഭാരവാഹികളായ കെ എച്ച് മാക്സി, എം എഫ് സഹദ്, എബി എബ്രഹാം, പി ആര് ശശി, ഇ സി മൈക്കിള്‍, കൊച്ചിന് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: