പത്തനാപുരം: ഭര്‍തൃവീട്ടുകാരുടെ നിരന്തരപീഡനം മൂലം ദേഹമാസകലം പരിക്കുകളോടെ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയേയും കൈക്കുഞ്ഞിനേയും പോലീസ് സംസ്ഥാന സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ കീഴിലുള്ള ഗാന്ധിഭവന് ഷെല്‍ട്ടര്‍ഹോമില്‍ എത്തിച്ചു.
പത്തനംതിട്ട കലഞ്ഞൂര്‍ നെടുമണ്‍കാവ് കല്ലുവിള വീട്ടില്‍ സുജയും ഒന്നരവയസ്സുള്ള മകള്‍ സൂര്യയെയുമാണ് പത്തനാപുരം എസ്ഐ ഗാന്ധിഭവനിലെത്തിച്ചത്.
ആദ്യ ഭര്‍ത്താവ് വടശ്ശേരിക്കര തടത്തില്‍ വീട്ടില്‍ ശോഭന്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട കുടംബകോടതിയില്‍ സുജ നല്കിയ കേസ് നിലവിലുണ്ട്. അതിനുശേഷം ഷിബു എന്നയാളുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ഭര്‍തൃവീട്ടില്‍ താമസമാരംഭിക്കുകയുമായിരുന്നു.
ആദ്യഭര്‍ത്താവില്‍ ആറുവയസ്സുള്ള മകന് ഉണ്ട്. മകന് ആദ്യ ഭര്‍ത്താവിനോടൊപ്പമാണ് കഴിയുന്നത്. രണ്ടാം ഭര്‍ത്താവില്‍ ഒന്നര വയസ്സുള്ള സൂര്യ എന്ന മകളുണ്ട്. ഈ കുഞ്ഞ് പിറന്നതിനുശേഷം ഷിബു മദ്യലഹരിയില്‍ സുജയെ ദേഹോപദ്രവം ഏല്‍പ്പിക്കുക പതിവാക്കിയിരുന്നു.
ഉപദ്രവം പലദിവസങ്ങളിലും സഹിക്കാവുന്നതിലുമപ്പുറമായിരുന്നുവെന്ന് സുജ പറയുന്നു. പിന്നീട് സുജയെ ഭര്‍ത്താവ് വീട്ടില്‍ നിന്നിറക്കിവിടുകയും ചെയ്തു. എങ്ങും താമസിക്കാനിടമില്ലാതെ വന്നപ്പോഴാണ് പോലീസ് സ്റ്റേഷനില്‍ അഭയം തേടിയത്.
ഭര്‍തൃ മാതാവ്, സഹോദരങ്ങള്‍ എന്നിവരും പീഡിപ്പിച്ചിരുന്നതായി സുജ പോലീസിനോട് പറഞ്ഞു. നെറ്റിയില്‍ അടികൊണ്ട് വീങ്ങിയ പാടുണ്ട്. ഇടതുകാലില്‍ കല്ലെറിഞ്ഞ മുറിപ്പാടും വലത്തെ കാലില്‍ അടികൊണ്ട മുറിവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: