കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രഭരണത്തിന് ദേവസ്വം ബോര്‍ഡിനെ താല്‍ക്കാലിക ക്ഷേത്രറിസീവറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി 23ന് പരിഗണിക്കും. കൊട്ടാരക്കര കിഴക്കേക്കര വിദ്യാനഗര്‍ 109 ശ്രീവിനായകത്തില്‍ ബിന്ദുവും വെണ്ടാര്‍ വടക്കേകര കൊച്ചുവീട്ടില്‍ ശശാങ്കന്പിള്ളയും കക്ഷികളായ ജില്ലാകോടതിയില്‍ ബോധിപ്പിച്ച ഹര്‍ജികളില്‍ നാലാം അഡീഷണല്‍ ജില്ലാ ജഡ്ജ് നന്ദകുമാര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാനസര്‍ക്കാരിനും എക്സൈസ് വകുപ്പിനും നോട്ടീസ് നല്കി. എതിര്‍കക്ഷികള്‍ 23ന് ഹാജരാക്കണം.
കൊട്ടാരക്കര ശ്രീമഹാഗണപതിക്കായി അകവൂര്‍ മന സമര്‍പ്പിച്ച ക്ഷേത്രം ഉള്‍പ്പെടുന്ന നാലേക്കര്‍ 19 സെന്റ് വസ്തുവകകള്‍ രാജഭരണകാലം മുതല്‍ പ്രത്യേകമായി നിലനിന്ന് വരുന്നവയാണ്. ക്ഷേത്രഭരണം ഭക്തരും രാജപ്രമുഖരും ഉള്‍പ്പെട്ട പിഡി എഗ്രിമെന്റ് പ്രകാരമാണ് നടന്നുവന്നിരുന്നത്. സംസ്ഥാനരൂപീകരണത്തിന് ശേഷം ക്ഷേത്രഭരണം താല്‍ക്കാലികമായി നടത്തിവരുന്നത് ദേവസ്വം ബോര്‍ഡാണ്. ബോര്‍ഡ് ക്ഷേത്രം സൂക്ഷിപ്പുകാര്‍ മാത്രമാണ്. ഇപ്പോഴും പിഡി ക്ഷേത്രമായാണ് ഈ മഹാക്ഷേത്രം റിക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്.
ബോര്‍ഡില്‍ നിന്നും നിയോഗിക്കുന്ന ഓഫീസറാണ് ക്ഷേത്രഭരണം നടത്തുന്നതും എന്നാല്‍ ക്ഷേത്രമുതലുകള്‍ സൂക്ഷിക്കുന്നതിനോ വരുമാനം പ്രത്യേകമായി സൂക്ഷിച്ച് ക്ഷേത്രത്തിന് വേണ്ടി ചെലവ് ചെയ്യുന്നതിനോ ബോര്‍ഡ് കൂട്ടാക്കുന്നില്ല. കരമൊഴിവായി രാജഭരണകാലം മുതല്‍ നിലനിന്ന് വരുന്ന ക്ഷേത്രവസ്തുക്കള്‍ സര്‍ക്കാര്‍ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തി എക്സൈസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈവശം വെക്കുകയാണ്.
പള്ളിവേട്ട നടന്ന് വരുന്ന ഭാഗത്തെ വൃക്ഷങ്ങളും പ്രതിഷ്ഠകളും നശിപ്പിച്ച് ബഹുനില കെട്ടിടങ്ങള്‍ പണിയുവാന്‍ എതിര്‍കക്ഷികള്‍ ശ്രമിക്കുകയാണ്. പഴയ പിഡി എഗ്രിമെന്റ് അടിസ്ഥാനപ്പെടുത്തി ദേവസ്വം ബോര്‍ഡിനെയും ഭക്തജനങ്ങളെയും മറ്റ് പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു ഭരണ സ്കീം ഉണ്ടാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നാളിതുവരെ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുത്ത വരുമാനങ്ങള്‍ക്ക് പ്രത്യേക ഓഡിറ്റ് ചെയ്ത് കണക്കുവച്ച് ക്ഷേത്രം വകകള്‍ തിരികെ നല്‍കണമെന്നും ആവശ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: