ബീജിംഗ്: ചൈനയോട് അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ മ്യാന്‍മര്‍ യുദ്ധവിമാനം നടത്തിയ ആക്രമണത്തില്‍ നാലു ചൈനക്കാര്‍ കൊല്ലപ്പെട്ടു. ഒന്‍പതു പേര്‍ക്കു പരിക്കേറ്റു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനിലാണു മ്യാന്‍മര്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.
ലിന്‍കാംഗ് സിറ്റിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന വീടുകള്‍ക്കു മുകളിലായാണു ബോംബ് വീണതെന്നു ചൈനീസ് ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ ഏറെ നാളായി സംഘര്‍ഷം തുടരുകയാണ്. വിഘടനവാദികളുമായി ചൈനീസ് സൈന്യം മേഖലകളില്‍ പോരാട്ടം നടത്തുന്നുണ്‌ടെന്നു നേരത്തെ തന്നെ ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. പോരാട്ടത്തെ തുടര്‍ന്നു ചൈനയുടെ ചില സ്ഥലങ്ങളില്‍ ഷെല്ലാക്രമണം അവര്‍ നടത്തിയതായും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ മേഖലയില്‍ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നതു ഗുരുതര പ്രശ്‌നങ്ങളിലേക്കു വഴിവയ്‌ക്കും.
മ്യാന്‍മര്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി സംഭവത്തില്‍ ചൈന പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മ്യാന്‍മര്‍ സര്‍ക്കാരിനെതിരെ യുദ്ധം നടത്തുന്ന വിമതരെ ലക്ഷം വച്ചാണു സൈന്യം ചൈന-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വ്യോമാക്രമണം നടത്തിയത്. വിമതര്‍ക്കു ചൈന സഹായം ചെയ്തു നല്‍കുന്നുണ്‌ടെന്നു മ്യാന്‍മര്‍ ആരോപിക്കുന്നു. ചൈനയും മ്യാന്‍മറും തമ്മില്‍ യുനാന്‍ പ്രവിശ്യയില്‍ 2,000 കിലോമീറ്റര്‍ ദൂരത്തില്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്്.
















