കൊളംബോ: ത്രിരാഷ്‌ട്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കയുമായി നാല് കരാറുകളില്‍ ഒപ്പു വച്ചു.
സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീലങ്കന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത മോദി ഏഷ്യയിലെ ഏറ്റവും പഴയ ജനാധിപത്യ രാഷ്‌ട്രമായ ശ്രീലങ്ക ഇന്നും ഊര്‍ജ്ജസ്വലമാണെന്ന് വീക്ഷിച്ചു.
സന്ദര്‍ശനത്തിന്റെ പ്രാധാന്യം മനസിലാക്കുന്നെന്ന് പറഞ്ഞ മോദി ലങ്കയുമായുള്ള ബന്ധത്തില്‍ അടിത്തറ വരുത്തുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
ഇന്ത്യന്‍ മഹാസമുദ്രത്തിന് തീരപ്രദേശത്തുള്ള മൂന്ന് രാജ്യങ്ങളിലെ പര്യടനത്തിലായിരുന്ന മോദി ഇന്നു രാവിലെയാണ് ശ്രീലങ്കയിലെത്തിയത്. തുടര്‍ന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി ഉഭയകക്ഷി ചര്‍ച്ചയിലേര്‍പ്പെട്ട മോദി പ്രാദേശികതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന പ്രശ്‌നങ്ങളും ശ്രദ്ധയില്‍പെടുത്തി.
റയില്‍വേ മേഖലയില്‍ 318 മില്ല്യണ്‍ യു.എസ് ഡോളര്‍ ധനസഹായവും ട്രിങ്കോമലിയെ പെട്രോളിയം ഹബ് ആക്കിമാറ്റാനായുള്ള സഹായങ്ങളും വാഗ്ദാനം ചെയ്തു.
ഇരുരാജ്യങ്ങളും പങ്കിടുന്ന പ്രതിബദ്ധത ശക്തമായ സാമ്പത്തിക സഹകരണത്തില്‍ പ്രതിഫലിക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു.
28 വര്‍ഷത്തിനിടെ ഒരു ഭാരത പ്രധാനമന്ത്രിയുടെ ആദ്യ ശ്രീലങ്കന്‍ സന്ദര്‍ശനമാണിത്.
















