പോര്‍ട്ട് ലൂയീസ്; മൗറീഷ്യസില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അവിടുത്തെ ഹിന്ദുക്കളുടെ പുണ്യകേന്ദ്രമായ ഗംഗാ തടാക(ഗംഗാ താലോ)ത്തിലെ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ആരതിയും പൂജയും നടത്തിയശേഷം ഗംഗാ തടാകത്തില്‍ ഗംഗാപൂജയും നടത്തി.
ഗംഗയുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നും തന്റെ ലോക്‌സഭാ മണ്ഡലം ഗംഗയുടെ തീരത്തെ വാരാണസിയാണെന്നും മോദി പറഞ്ഞു. പുണ്യസ്ഥലങ്ങളിലെ ദര്‍ശനങ്ങള്‍ക്കും പൂജകള്‍ക്കുംശേഷം മൗറീഷ്യസ് ദേശീയ അസംബ്ലിയെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
ഈ മഹത്തായ ഭൂമിയിലേക്ക് എന്നെ നയിച്ചത് ശക്തമായ ഹൃദയബന്ധമാണെന്നും മോദി പറഞ്ഞു.
സമുദ്രനിരപ്പില്‍ നിന്നും 1800 അടി ഉയരത്തിലായിട്ടാണ് ഗംഗാ തടാകം സ്ഥിതി ചെയ്യുന്നത്. 1898ലാണ് ആദ്യത്തെ തീര്‍ത്ഥാടക സംഘം പണ്ഡിറ്റ് ഗിരി ഗോസായിന്റെ നേതൃത്വത്തില്‍ ടെറി റോഗില്‍ നിന്നും ഇവിടെയെത്തിയത്.
ഹിന്ദുക്കളുടെ പുണ്യകേന്ദ്രമായിട്ടാണ് ഇവിടെ സങ്കല്‍പിക്കപ്പെടുന്നത്.തടാകത്തിന്റെ തീരത്ത് ശിവക്ഷേത്രവുമുണ്ട്. ശിവരാത്രി നാളില്‍ നിരവധി ഭക്തര്‍ ഇവിടെയെത്താറുണ്ട്.
















