ഏതൊരു വ്യക്തിക്കും സ്വന്തം ജീവിതത്തില്‍ ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. അത് തിരിച്ചറിഞ്ഞ് ആ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ആ വ്യക്തി വ്യത്യസ്തനാകുന്നത്. ചിലര്‍ ഭൗതികമായ തലത്തില്‍ നിന്നുമാത്രം ചിന്തിക്കുമ്പോള്‍ മറ്റു ചിലരുടെ മനസ് വ്യാപരിക്കുന്നത് അതിലും ഉയര്‍ന്ന തലത്തിലേക്കായിരിക്കും. ആത്മീയതയുടെ ആകാശത്തിലേക്കായിരിക്കും അവര്‍ പറന്നുയരുക. ഇത്തരത്തില്‍ ആദ്ധ്യാത്മികതയുടെ അതീതതലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട്, സാധാരണക്കാരിലേക്കും ആത്മീയതയുടെ സൂര്യപ്രകാശം പകരാന്‍ ശ്രമിക്കുകയാണ് സൂര്യാജി.
പ്രകൃതിയും മനുഷ്യനും തമ്മില്‍ നിലനില്ക്കേണ്ട അതിവിശുദ്ധമായ ബന്ധത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് സൂര്യാജി തന്റെ യോഗാത്മക പദ്ധതിയായ സൂര്യയോഗയിലൂടെ. പരിസ്ഥിതിയുമായും ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ് സൂര്യയോഗ്. പ്രകൃതിയില്‍ നിറഞ്ഞുനില്ക്കുന്ന എല്ലാ ചരാചരങ്ങളിലും ഈശ്വരന്റെ മഹത്വം ദര്‍ശിക്കുകയും പ്രകൃതിയുടെ ഭാഗമായി മാറുകയും ചെയ്യുമ്പോള്‍ ഈശ്വരീയത നമ്മിലുണരും എന്നതാണ് സൂര്യാജിയുടെ തത്വം.
1972 ല്‍ ഇടുക്കി തുളസിപ്പാറ കൊച്ചുപറമ്പില്‍ കെ.പി. ഗോപിനാഥിന്റെയും ശാന്തമ്മയുടെയും മൂത്ത മകനായാണ് സൂര്യാജിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഗുരുകുല വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഫിലോസഫി, ആയുര്‍വേദം, ജ്യോതിശാസ്ത്രം, ജ്യോതിഷം, യോഗ എന്നിവയില്‍ പ്രാഗത്ഭ്യം നേടി. 2000 ത്തിലാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി സൂര്യയോഗ് ഫൗണ്ടേഷന് രൂപീകരിക്കുന്നത്.
എന്താണ് സൂര്യയോഗ്
പ്രകൃതിനിഷ്ഠവും സൂര്യകേന്ദ്രീകൃതവുമായ ഒരു ക്രിയാപദ്ധതിയാണ് സൂര്യയോഗ്. പ്രപഞ്ചത്തിന്റെ സ്വാഭാവിക നിയമങ്ങളുമായി ചേര്‍ന്ന് പ്രവര്ത്തിക്കലാണിത്. ഒരാള്‍ പ്രകൃതി നിയമങ്ങള്‍ക്ക് വിധേയമായി ജീവിക്കുമ്പോഴേ ആ വ്യക്തിക്ക് സമാധാനവും ആരോഗ്യവും ഐക്യവും നേടാനാവൂ. സൂര്യയോഗിലെ ‘സൂര്യ’ എന്നത് സൂര്യനും ‘യോഗ്’ എന്നത് ലയിക്കലുമാണ്. അതുകൊണ്ടുതന്നെ, ഇത് അര്‍ത്ഥമാക്കുന്നതും സൂര്യനില്‍ ലയിക്കുക എന്നത്രെ. സൂര്യനേയും അതിന്റെ വിപുലമായ പ്രാപഞ്ചികോര്ജ്ജങ്ങളേയും ഉപയോഗിച്ച് നമ്മിലെ രാസപരവും ജൈവ വൈദ്യുതിപരവും ജൈവ-കാന്തികപരവുമായ ശേഷികളെ പരിവര്‍ത്തനപ്പെടുത്താനും ക്രമീകരിക്കാനും സന്തുലിതമാക്കാനും സംയോജിപ്പിക്കുവാനും ഈ മാര്‍ഗത്തിലൂടെ ഏതൊരാള്‍ക്കും കഴിയും.
നമ്മുടെ ശാരീരിക-മാനസിക-ആത്മീയ ആരോഗ്യത്തിനുവേണ്ട രോഗശമനശക്തിയുള്ള ഊര്‍ജ്ജത്തെ സൂര്യനില്‍ നിന്നും സ്വാംശീകരിക്കുകയാണ് സൂര്യയോഗിലൂടെ. ഈ വിദ്യ സ്വായത്തമാക്കുന്നതിന് അനായാസം സാധിക്കും. ശാസ്ത്രീയ അടിത്തറയിലൂന്നിയുള്ളതാണ് സൂര്യയോഗ്. ഊര്‍ജ്ജത്തിന്റെ അടിസ്ഥാന സ്രോതസ്സായ സൂര്യനില്‍ നിന്നും വരുന്ന പ്രകാശത്തിലൂടെ ശരീരത്തിനും മനസ്സിനും ഓജസ്സും രോഗമുക്തിയും നല്കാന് കഴിയുമെന്ന് ശാസ്ത്രസമൂഹം തന്നെ അംഗീകരിച്ചിട്ടുണ്ട്. പതിവായി സൂര്യയോഗ് അനുഷ്ഠിക്കുന്ന ഒരാള്‍ക്ക് തന്നിലുണ്ടാകുന്ന പരിവര്‍ത്തനം വേഗം തിരിച്ചറിയാന്‍ സാധിക്കും. ബാഹ്യസൂര്യന്റെ സാന്നിദ്ധ്യം ഉപയോഗിച്ച് നമ്മിലെ ആന്തരിക സൂര്യനെ ഉണര്‍ത്തി ചൈതന്യവത്തായ ഒരു മനോമണ്ഡലമാണ് സൂര്യയോഗ് പ്രദാനം ചെയ്യുന്നത്.
സൂര്യയോഗിന്റെ പ്രയോജനങ്ങള്‍
സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജത്തെ സ്വാംശീകരിക്കുവാനും അതുവഴി ആത്മീയ ഉന്നമനത്തിനായി മൂന്നാം കണ്ണിനെ പ്രവര്ത്തനക്ഷമമാക്കുവാനുമുള്ള പദ്ധതിയാണ് സൂര്യയോഗ്. സൂര്യപ്രകാശത്തെ കണ്ണുകളിലൂടെയും മൂന്നാംകണ്ണിലൂടെയും പ്രവേശിപ്പിക്കുകയെന്നതാണ് ഇതിന്റെ പ്രത്യേകത. സൂര്യനില്‍ നിന്നും നിര്‍ഗമിക്കുന്ന പ്രകാശത്തിന് രോഗാണുക്കളെ നശിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. സൂര്യയോഗ് ചെയ്യുമ്പോള്‍ കണ്ണുകളില്‍ പതിക്കുന്ന കിരണങ്ങള്‍ ദേഷ്യം, ദുരാഗ്രഹം, അസൂയ, കാമം എന്നിവയെ അകറ്റിനിര്‍ത്തുന്നു. മനസ്സില്‍ സദ്ഗുണങ്ങള്‍ നിറയ്ക്കുന്നു. ഓരോരുത്തരും സ്വയം പ്രകാശിക്കുന്ന സൂര്യന് മാത്രമല്ല മറ്റുള്ളവരെ പ്രകാശിപ്പിക്കുന്നവരും ആയിത്തീരുന്നു എന്ന് പറയാം.
സൂര്യയോഗും രോഗമുക്തിയും
പല രോഗങ്ങളില്‍ നിന്നുമുള്ള മോചനം സൂര്യയോഗ് അനുഷ്ഠിക്കുന്നതിലൂടെ സാധിക്കും. നാഡികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ശരീരത്തിലെ എല്ലാ ഗ്രന്ഥികളും കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും. ശരീരത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിനും ഇതിലൂടെ സാധിക്കും. എത്ര കടുത്ത പ്രമേഹമാണെങ്കിലും സൂര്യയോഗ് പരിശീലിക്കുന്നവര്‍ക്ക് പഞ്ചസാരയുടെ തോത് സാധാരണ നിലയിലാക്കാന്‍ സാധിക്കും. മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ്, സന്ധിവാതം, സോറിയാസിസ്, ഓസ്റ്റിയോ പോറോസിസ്, പിള്ളവാതം തുടങ്ങിയ രോഗങ്ങളെയെല്ലാം അകറ്റുന്നതിനും സൂര്യയോഗ് അനുഷ്ഠിക്കുന്നതിലൂടെ സാധിക്കും.
സൂര്യയോഗിന്റെ ശാസ്ത്രീയത
മനുഷ്യന് അവന്റെ ബാഹ്യപരിതസ്ഥിതിയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് വിജയകരമായി ജീവിക്കുവാന്‍ ശ്രമിക്കുന്നു. ഇപ്രകാരം പരിതസ്ഥിതികള്‍ക്ക് അനുസരിച്ച് ജീവിക്കുവാന്‍ കഴിവുനല്‍കുന്ന രണ്ട് നിയന്ത്രണ സംവിധാനങ്ങളാണ് നാഡീവ്യൂഹവും അന്തര്‍സ്രാവ ഗ്രന്ഥീസമുച്ചയവും. നാഡീവ്യൂഹം ശരീരത്തിന്റെ ഓരോ ഭാഗത്തേയും തലച്ചോറുമായി ബന്ധിപ്പിക്കുന്നു. എന്നാല്‍ അന്തഃര്സ്രാവ വ്യവസ്ഥ ഹോര്മോണുകളിലൂടെയാണ് സന്ദേശം എത്തിക്കുന്നത്. ഈ രണ്ടുവ്യവസ്ഥകളും വ്യൂഹങ്ങളും ഹൈപ്പോതലാമസില്‍ ഒന്നായിത്തീരുന്നു. ഇവയുടെ പ്രവര്‍ത്തനങ്ങളെ രക്തധമനികളില്‍ വച്ച് സ്വാംശീകരിക്കുന്ന തലച്ചോറിന്റെ ഒരു ഭാഗമാണ് ഹൈപ്പോതലാമസ്.
സൂര്യനെ ഉറ്റുനോക്കുമ്പോള്‍ കണ്ണുകളിലൂടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ട സൗരോര്‍ജ്ജം ഹൈപ്പോതലാമസിലും അന്തഃസ്രാവഗ്രന്ഥികളിലുമെത്തി അവയുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നു. സൂര്യയോഗ് അനുഷ്ഠാനത്തിന്റെ അവസാനചടങ്ങായി 324 തവണ ഇരു കൈകളും കൂട്ടിയടിക്കുമ്പോള് മനുഷ്യ ശരീരത്തിലെ മുഴുവന്‍ നാഡീവ്യൂഹവും ഉത്തേജിപ്പിക്കപ്പെടും. ഇതിലൂടെ ഹൈപ്പോതലാമസിന്റേയും അന്തഃസ്രാവഗ്രന്ഥികളുടേയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രമീകൃതമാകുന്നു.
സൂര്യയോഗും വെള്ളി നാണയവും
ശുദ്ധമായ വെള്ളി നാണയമാണ് സൂര്യയോഗ് അനുഷ്ഠിക്കുന്നവര്‍ ഭ്രൂമധ്യത്തില്‍ വയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇതിന്റെ ഒരു വശത്ത് ജ്വലിക്കുന്ന സൂര്യന്റെ അടയാളവും മറുഭാഗത്ത് ഷഡ്ഭുജത്തിന്റെ മാതൃകയുമാണുള്ളത് ഇതിന് ഏറ്റവും സൂക്ഷ്മമായ ഊര്‍ജ്ജത്തെപ്പോലും സ്വീകരിക്കുന്നതിനുളള ശേഷിയുണ്ട്. വെള്ളി നാണയത്തില്‍ നിന്നും ഉണ്ടാകുന്ന ഊര്‍ജ്ജത്തിന്റെ പേരാണ് ഡെല്‍റ്റ റിഥം സിന്ക്രണൈസേഷന്. നെഗറ്റീവ് എനര്‍ജിയെ അകറ്റി നിര്‍ത്തിക്കൊണ്ട് പോസിറ്റീവ് എനര്‍ജിയെ വര്‍ധിപ്പിക്കുയാണ് വെള്ളി നാണയം ചെയ്യുന്നത്.
ഷഡ്ഭുജ മാതൃകയുടെ താഴത്തെ ഭാഗം നെഗറ്റീവ് ഊര്‍ജ്ജത്തേയും മുകള്‍ ഭാഗം പോസിറ്റീവ് ഊര്ജ്ജത്തേയുമാണ് പ്രതിനിധാനം ചെയ്യുന്നത്. നെറ്റിയില്‍ ഭ്രൂമധ്യത്തിലായി ഉറപ്പിക്കുന്ന ഈ നാണയത്തിലൂടെ സൂര്യപ്രകാശം കടന്നുപോകുമ്പോള്‍ നമ്മുടെ ആത്മാവിനെ മറ്റൊരു തലത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുകയാണ് ചെയ്യുന്നത്. വെള്ളിനാണയത്തിലെ മാതൃകയ്ക്ക് നമ്മുടെ ശരീരത്തിലെ പ്രകാശമാപിനിയായ പീനിയല്‍ ഗ്രന്ഥിയുമായി നിഗൂഢമായ ഒരു ബന്ധമാണ് കല്‍പ്പിക്കുന്നത്. ആത്മാവിന്റെ ഇരിപ്പിടമായിട്ടാണ് ഈ ഗ്രന്ഥിയെ കണക്കാക്കുന്നത്.
ഒരു ശക്തികവചമെന്ന നിലയിലാണ് ഈ നാണയത്തിന്റെ പ്രവര്‍ത്തനം. ചിന്തകളേയും പ്രവൃത്തിയേയും സ്വാധീനിക്കുവാനുള്ള ശക്തിയും ഈ വെള്ളി നാണയത്തിനുണ്ട്.
ഇത്തരത്തില്‍ ആത്മീയവും മാനസീകവുമായ ഉന്നമനത്തിലൂന്നീയ ആരോഗ്യകരമായ ഒരു ജീവിതമാണ് സൂര്യ സാധനയായ സൂര്യയോഗിലൂടെ കരഗതമാകുന്നത്. ഒപ്പം പ്രകൃതിയിലെ ഓരോ ജീവജാലത്തിനുള്ളിലുമുള്ള ശക്തിയെ സ്വയം തിരിച്ചറിയുകയും ഉള്ളിലുള്ള ശക്തിയെ ഉണര്‍ത്തുകയുമാണ് ഇതിലൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: