റായ്‌പൂര്‍: വനിതാ ദിനത്തില്‍ കേന്ദ്ര മാനവശേഷി വികസനവകുപ്പുമന്ത്രി സ്മൃതി ഇറാനിയുടെ സംസ്ഥാന സന്ദര്‍ശനം ഏറെ ശ്രദ്ധേയമായി. വിവിധ പരിപാടികളില്‍ പങ്കെടുത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന വനിതാ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിവരിച്ച മന്ത്രി സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം ഏറെപേരെ പ്രചോദിപ്പിച്ചു. സംസ്ഥാനത്തെ പല സ്ഥാപനങ്ങളും സ്‌കൂളുകളും അവധി ദിവസവും മന്ത്രിയുടെ സന്ദര്‍ശനത്തിന് കാത്തിരുന്നു.
നക്‌സല്‍ ആക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വിധേയമായ ദന്തേവാദ പ്രദേശമാണ് മന്ത്രി ആദ്യം സന്ദര്‍ശനത്തിന് തിരഞ്ഞെടുത്തത്. അവിടം സന്ദര്‍ശിച്ച മന്ത്രി നവമാധ്യമങ്ങളില്‍ സന്ദര്‍ശനം സംബന്ധിച്ചു നല്‍കിയ വിവരങ്ങള്‍ ഏറെ പേരെ ആകര്‍ഷിച്ചു.
പലരും സേവനം കിട്ടിയാലും അവിടുന്ന് സ്ഥലം മാറ്റം വാങ്ങി രക്ഷപ്പെടാറുള്ള ദന്തേവാദയില്‍ ജില്ലാ മജിസ്‌ട്രേറ്റായി ജോലി ചോദിച്ചു വാങ്ങിയ ദേവ സേനാപതിയുടെ ചിത്രം മന്ത്രി പോസ്റ്റുചെയ്തത് ഏറെ പേര്‍ സന്ദര്‍ശിച്ചു.
നക്‌സല്‍ ആക്രമണത്തില്‍ ബന്ധുക്കളും സ്വന്തക്കാരും കൊല്ലപ്പെട്ട കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന സ്‌കൂളില്‍ അദ്ധ്യാപികയായ മലയാളി സീതയുടെ ചിത്രവും മന്ത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റു ചെയ്തത് ഏറെ പേര്‍ക്കു പ്രചോദനമായി. നക്‌സല്‍ ആക്രമണങ്ങളെ തുടര്‍ന്ന അനാഥരായവരില്‍ പെട്ട ഇന്ദു എന്ന ആറാം ക്ലാസുകാരിയുടെ സ്‌കൂള്‍ യൂണിഫോമിലുള്ള ചിത്രവും മന്ത്രിയുടെ ട്വിറ്ററില്‍ കൂടുതല്‍ പേര്‍ കണ്ടു.
















