ചേര്‍ത്തല: ഫോട്ടോഗ്രഫി ബിന്ദുവിന് കുടുംബകാര്യം, ജീവിതവഴിയില്‍ ഭര്‍ത്താവില്‍ നിന്ന് സ്വായത്തമാക്കിയ ഈ വിദ്യ ഇപ്പോള്‍ ബിന്ദുവിന് ജീവിതമാര്‍ഗവുമാണ്. പുരുഷമേധാവിത്വം അരങ്ങുവാഴുന്ന ഫോട്ടോഗ്രാഫി മേഖലയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി നിറഞ്ഞു നില്ക്കുന്ന പെണ്‍സാന്നിദ്ധ്യമാണ് ബിന്ദു. ചേര്‍ത്തല തിരുനല്ലൂര്‍ പത്മവിലാസത്തില്‍ പി.എസ്. ബിന്ദു വിവാഹം കഴിഞ്ഞതോടെയാണ് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്. ഭര്‍ത്താവ് അജാമിളന് 30 വര്‍ഷമായി സ്വന്തമായി സ്റ്റുഡിയോ നടത്തുന്നു.
21 വര്‍ഷങ്ങള്‍ മുന്‍പ് അജാമിളന് സ്വന്തം ജീവിതത്തിലേക്ക് ബിന്ദുവിനെ കൂട്ടിയതിന് ശേഷം സ്റ്റുഡിയോവിലെ കാര്യങ്ങളിലും ബിന്ദു ശ്രദ്ധ ചെലുത്തി. ക്യാമറയുടെ പാഠങ്ങള്‍ ഭര്‍ത്താവില്‍ നിന്ന് സ്വായത്തമാക്കിയ ബിന്ദുവാണ് 20 വര്‍ഷമായി അജയ് ഫോട്ടോസ് സ്റ്റുഡിയോയുടെ ജീവനാഡി. ഡിജിറ്റലൈസേഷന് ഫോട്ടോഗ്രഫിയില്‍ വിപ്ലവം സൃഷ്ടിച്ചപ്പോള്‍ ബിന്ദുവും ചുവടുമാറ്റി.
ഫോട്ടോ എഡിറ്റിങിന്റെ കംപ്യൂട്ടര്‍ സാങ്കേതികവിദ്യയിലൂടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളില്‍ നിറങ്ങള്‍ ചാലിക്കുവാന്‍ ബിന്ദുവിന് കഴിഞ്ഞു. പതുക്കെ പതുക്കെ വിവാഹത്തിനും, പൊതുചടങ്ങുകളിലുമൊക്കെ ഫോട്ടോ എടുക്കുന്ന ജോലി ഏറ്റെടുത്തു. ഭര്‍ത്താവിന്റെ ശിക്ഷണത്തില്‍ വീഡിയോഗ്രഫിയുടെ ബാലപാഠങ്ങളും ബിന്ദു സ്വന്തമാക്കിയിട്ടുണ്ട്. എണ്ണിയാല്‍ തീരാത്ത ദൃശ്യങ്ങള്‍ മൂന്നാം കണ്ണിലൂടെ പകര്‍ത്തി ജൈത്രയാത്ര തുടരുകയാണ് ഇവര്‍. എല്ലാം പ്രോത്സാഹനവും നല്കി ഭര്‍ത്താവും മക്കളായ അല്സാരംഗിയും അവിനാശും ബിന്ദുവിനൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: