ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ സംയോജിതനീര്‍ത്തട പരിപാലനപരിപാടിയിലൂടെ 270 മഴവെള്ളസംഭരണികള്‍ നിര്‍മ്മിക്കുന്നു. കൈനകരി പഞ്ചായത്തിന്റെ സി ബ്ലോക്ക് ഒഴികെയുള്ള പ്രദേശങ്ങള്‍, നെടുമുടി ഗ്രാമപഞ്ചായത്തിന്റെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 15 വാര്‍ഡുകള്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്റെ ഒന്ന്, 13 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ കുട്ടനാട്ടിലെ ഈ മേഖലകളില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കാനാകും.
വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്ത് ശുദ്ധജല സ്രോതസുകള്‍ വളരെ കുറവാണ്. മഴവെള്ളം പരമാവധി സംഭരിച്ച് ഉപയോഗിക്കുക മാത്രമാണ് ഏകവഴി. വേനലാകുന്നതോടെ തോടുകളില്‍ നിന്നോ കുളങ്ങളില്‍ നിന്നോ ഉള്ള വെള്ളമാണ് പ്രദേശവാസികള്‍ ഉപയോഗിക്കുന്നത് അതിനാല്‍ തന്നെ ജലജന്യരോഗങ്ങള്‍ വിട്ട് മാറാത്ത പ്രദേശമാണിത്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായിട്ടാണ് സംയോജിതനീര്‍ത്തട പരിപാലനപരിപാടിയിലൂടെ മഴവെള്ളസംഭരണികള്‍ നിര്‍മ്മിക്കുന്നത്.
നിലവില്‍ 118 മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ച് കഴിഞ്ഞു. 38 മഴവെള്ള സംഭരണികള്‍ നിര്‍മ്മാണത്തിലാണ്. 5,000 ലിറ്റര്‍ സംഭരണ ശേഷിയാണ് ഇവക്കുളളത്. 41,150 രൂപയാണ് ചെലവ്. പൊങ്ങ എല്‍.പി സ്കൂളില്‍ 15,000 ലിറ്റര്‍ സംഭരണശേഷിയും ചേന്നങ്കരി യുപി സ്കൂളില്‍ 25,000 ലിറ്റര്‍ സംഭരണ ശേഷിയുമുള്ള മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മഴവെള്ള സംഭരണി നിര്‍മ്മാണത്തിലൂടെ ഒറ്റപ്പെട്ട ജനവിഭാഗത്തിന് ശുദ്ധജല ലഭ്യതഉറപ്പുവരുത്തുന്നതിന് സാധിക്കുമെന്ന വിശ്വാസത്തിലാണ് പഞ്ചായത്ത് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: